ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍: 'രാഷ്ട്രീയ നേതാവ് ആയിരുന്നെങ്കില്‍'; യോഗംവിളിച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ സഭാ നേതാവ് ജെ.പി. നഡ്ഡയുമായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയെക്കുറിച്ചായിരിക്കും ചര്‍ച്ച.
പാര്‍ലമെന്റ് പാസാക്കിയതും പിന്നീട് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയതുമായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമത്തെക്കുറിച്ച് ധന്‍ഖര്‍ നേരത്തെ സഭയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പിന്നാലെയാണ് വിഷയത്തിലുള്ള ഇടപെടല്‍.
പാര്‍ലമെന്റ അഭൂതപൂര്‍വ്വമായി സമവായത്തോടെ അംഗീകരിച്ച ചരിത്രപരമായ ഈ നിയമനിര്‍മ്മാണം നിലനിന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവം നടന്നത് ഉടനടി പുറത്തുവന്നില്ല എന്നതാണ് തന്നെ അലട്ടുന്നതെന്നും ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തത് ചൂണ്ടിക്കാട്ടി അദ്ദേഹം പറയുകയുണ്ടായി.
ഒരു രാഷ്ട്രീയക്കാരന്റെ കാര്യത്തിലാണ് ഇത് സംഭവിച്ചതെങ്കില്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമായ ഒരു വ്യവസ്ഥാപിത പ്രതികരണം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സഭാ നേതാവുമായും പ്രതിപക്ഷ നേതാവുമായും ഞാന്‍ ബന്ധപ്പെടുകയും അവരുടെ സമ്മതത്തിന് വിധേയമായി സെഷനില്‍ ഒരു ഘടനാപരമായ ചര്‍ച്ചയ്ക്കുള്ള ഒരു സംവിധാനം കണ്ടെത്തുകയും ചെയ്യും' എന്നും ധന്‍ഖര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇരുനേതാക്കളുമായും ചര്‍ച്ച നടത്തുന്നത്.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷനെ കുറിച്ച് നേരത്തെയും സഭയ്ക്കകത്തും പുറത്തും ധന്‍ഖര്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നിയമനിര്‍മ്മാണത്തില്‍ പാര്‍ലമെന്റിന്റെ പരമാധികാരം എക്‌സിക്യൂട്ടീവിനോ ജുഡീഷ്യറിക്കോ വെട്ടികുറയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയ സംഭവം നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ സഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെക്കും.
Content Highlights: V-P Jagdeep Dhankhar calls meeting with Nadda, Kharge after cash discovery at Delhi HC judge's resid