'ഞങ്ങള്‍ പിന്നാക്ക വിഭാഗക്കാരല്ല'; ജാതി സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും

നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും | Photo: PTI, ANI
നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും | Photo: PTI, ANI

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ജാതിസർവേയിൽ പങ്കെടുക്കില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും. തങ്ങൾ പിന്നാക്ക ജാതിയിൽപ്പെട്ടവരല്ലെന്ന് വ്യക്തമാക്കിയാണ് ഇരുവരും സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതെന്ന് ബെംഗളൂരു മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനാണ് ജാതി സർവേ എന്നറിയപ്പെടുന്ന സാമൂഹ്യ-വിദ്യാഭ്യാസ സർവേയുടെ ചുമതല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ സർവേയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുധാ മൂർത്തിയും നാരായണ മൂർത്തിയും വ്യക്തമാക്കുകയായിരുന്നു. വിവരങ്ങൾ നൽകാൻ വിസമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തിൽ സുധാ മൂർത്തി ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു.

വ്യക്തിപരമായ ചില കാരണങ്ങളാൽ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നു എന്നാണ് സാക്ഷ്യപത്രത്തിൽ സുധാ മൂർത്തി രേഖപ്പെടുത്തിയിരിക്കുന്നത്. "ഞങ്ങൾ ഒരു പിന്നാക്ക സമുദായത്തിലും പെട്ടവരല്ല. അതിനാൽ, അത്തരം വിഭാഗങ്ങൾക്കായി സർക്കാർ നടത്തുന്ന സർവേയിൽ ഞങ്ങൾ പങ്കെടുക്കില്ല" എന്ന് സുധാ മൂർത്തി എഴുതിനൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, വിഷയത്തിൽ നാരായണ മൂർത്തിയോ സുധാ മൂർത്തിയോ ഇവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ ഒക്ടോബർ ഏഴിന് പൂർത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇത് ഒക്ടോബർ 18 വരെ നീട്ടി. സർവേയ്ക്കായി അധ്യാപകരെ കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഒക്ടോബർ 18 വരെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അധിക ക്ലാസുകൾ നടത്തി പഠനത്തിലുണ്ടാകുന്ന നഷ്ടം നികത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.

Content Highlights: Infosys founder Narayana Murthy and wife Sudha Murthy decline participation in Karnataka`s social and educational survey, citing they do not belong to backward castes.