ഇൻഡിഗോ പ്രതിസന്ധി: ഇന്ന് റദ്ദാക്കിയത് 300 സർവീസുകൾ, പ്രതിഷേധം; പ്രശ്നം എത്രയുംവേഗം പരിഹരിക്കുമെന്ന് കമ്പനി

#ന്യൂസ് ഡെസ്ക്
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: പിടിഐ
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: പിടിഐ

തിരുവനന്തപുര: വിമാന സർവീസുകൾ സംബന്ധിച്ച പ്രതിസന്ധിയൊഴിയാതെ ഇൻഡിഗോ. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 300-ലധികം സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച കമ്പനി ആയിരത്തോളം സർവീസുകൾ റദ്ദാക്കിയിയിരുന്നു. പ്രതിസന്ധി എത്രയും പെട്ടന്ന് പരിഹരിക്കുമെന്ന് ഇൻഡിഗോ ഉറപ്പുനൽകിയിരുന്നെങ്കിലും ശനിയാഴ്ചയും യാത്രക്കാർ വലയുന്ന കാഴ്ചയാണ് വിമാനത്താവളങ്ങളിൽ കാണാനാകുന്നത്.

ബെംഗളൂരുവിൽ 124 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രയാരംഭിക്കേണ്ട 63 വിമാനങ്ങളും ബെംഗളൂരുവിലേക്ക് എത്തേണ്ട 61 വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുന്നുണ്ട്. റദ്ദാക്കലുകൾ സംബന്ധിച്ചോ റീഫണ്ട് സംബന്ധിച്ചോ യാതൊരു വിവരവും കമ്പനി അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു.

ചെന്നൈയിലും ഹൈദരാബാദിലും സമാന അവസ്ഥ തന്നെയാണ്. ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 28 സർവീസുകളും ചെന്നൈയിലേക്ക് വരേണ്ട 20 സർവീസുകളുമാണ് റദ്ദാക്കിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ കണക്കുകൾ പുറത്തുവരുന്നേയുള്ളൂ. തിരുവനന്തപുരം- ഹൈദരാബാദ്, കൊച്ചി- ജമ്മു സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ശബരിമല ദർശനകാലമായതിനാൽ നിരവധി അയ്യപ്പന്മാരും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ശബരിമല ദർശനത്തിനായി വിമാനം ബുക്ക് ചെയ്തിരുന്ന നിരവധി ആളുകൾക്ക് യാത്ര റദ്ദാക്കേണ്ടിവന്നിരുന്നു. ഇതോടെ അയ്യപ്പന്മാർ ശരണം വിളികളുമായി പ്രതിഷേധിച്ചതായി എയർപോർട്ട് അധികൃതർ പറഞ്ഞു.

അതിനിടെ, അധിക തിരക്ക് പരിഹരിക്കുന്നതിനായി സതേൺ റെയിൽവേയും സൗത്ത് വെസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേയും വെള്ളിയാഴ്ച ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഉൾക്കൊള്ളിച്ചിരുന്നു. എന്നിട്ടും തിരക്ക് പരിഹരിക്കാനായില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര സർവീസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനനിരക്കുകൾ കുത്തനെ കൂട്ടിയതിലും പ്രതിഷേധം ഉയരുകയാണ്.

സ്ഥിതി വഷളായതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാൻ നടപ്പാക്കിയ പുതിയ ഡ്യൂട്ടി ചട്ടത്തിൽ ഇൻഡിഗോയ്ക്ക്‌ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം താത്‌കാലിക ഇളവ്‌ അനുവദിച്ചിരുന്നു. സർവീസുകൾ എത്രയും വേഗം സാധാരണ നിലയിലേക്കെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇൻഡിഗോയും പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

Content Highlights: IndiGo faces severe flight disruptions with extensive cancellations, impacting thousands of passengers.