തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ CEO; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിക്കകം മറുപടി നല്‍കണമെന്ന് DGCA

#അര്‍ജുന്‍ പീതാംബരന്‍ | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | Photo: Reuters
പ്രതീകാത്മകചിത്രം | Photo: Reuters

ന്യൂഡല്‍ഹി: വീഴ്ച സംഭവിച്ചത് ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നാണ് എന്ന് വ്യക്തമാക്കി ഇന്‍ഡിയോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്‍ഡിയോ സിഇഒ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍വെച്ച് വ്യോമയാന മന്ത്രിയും ഡിജിസിഐ അധികൃതരും ഇന്‍ഡിഗോ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

യോഗത്തില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഐയും നടത്തിയത്. കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകള്‍ അവര്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. എഫ്ഡിടിഎല്ലിന്റെ പുതിയ പുതിയ വ്യവസ്ഥകള്‍ പ്രകാരം പല സര്‍വീസുകളും പുനക്രമീകരിക്കാനും, പൈലറ്റുമാരുടെയും എയര്‍ഹോസ്റ്റസുമാരുടെയും ഡ്യൂട്ടി സമയമടക്കം ക്രമീകരിക്കാനും ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞില്ല.

ഇതിലെല്ലാം പാളിച്ച സംഭവിച്ചു എന്നാണ് ഡിജിസിഐ റിപ്പോര്‍ട്ട്. കോസ്റ്റ് കട്ടിങ്ങിന്റെ ഭാഗമായി പുതിയ പൈലറ്റുമാരെയും ക്രൂജീവനക്കാരെയും ജോലിക്കെടുക്കുന്നതടക്കം ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇന്‍ഡിഗോ സര്‍വീസുകള്‍ തടസപ്പെടാന്‍ കാരണമായി എന്നാണ് യോഗത്തില്‍ ഡിജിസിഐ ചൂണ്ടിക്കാണിച്ചത്. ഇതിനുപിന്നാലെയാണ് ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ രണ്ടാമത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.

യോഗത്തിന് ശേഷം, ശനിയാഴ്ച രാത്രിയോടെയാണ് ഇന്‍ഡിഗോ സിഇഒയ്ക്ക് തന്നെ നേരിട്ട് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന്, ഞായറാഴ്ച രാത്രിക്കകംതന്നെ പീറ്റര്‍ എല്‍ബേഴ്‌സ് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകും എന്നും താക്കീത് നല്‍കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പീറ്റര്‍ എല്‍ബേഴ്‌സിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാന്‍ ഇന്‍ഡിഗോ തീരുമാനമെടുത്തേക്കാം എന്നും വിവരമുണ്ട്.

അതേസമയം, റീഫണ്ട് സംബന്ധിച്ച് ഇന്‍ഡിഗോയ്ക്ക് അനുവദിച്ചിരുന്ന സമയം ഇന്ന്, ഞായറാഴ്ച രാത്രി എട്ടുമണിയോടെ അവസാനിക്കും. കാണാതായ ലഗേജുകള്‍ കണ്ടെത്തി തിരികെ നല്‍കുക, റീഷെഡ്യൂള്‍ ചെയ്തുനല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്‍കിയിരുന്ന സമയം നാളെ അവസാനിക്കും. തിങ്കളാഴ്ചയോടെ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരണം എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം.

ഇക്കാര്യങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം കടുത്ത നടപടികളായിരിക്കും ഇന്‍ഡിഗോയ്ക്ക് നേരിടേണ്ടിവരിക. ഡിജിസിഐ രൂപീകരിച്ചിരിക്കുന്ന അന്വേഷണ കമ്മിറ്റി അടുത്ത 15 ദിവസത്തിനുള്ളില്‍തന്നെ അന്വേഷണം പൂര്‍ത്തിയാക്കി വ്യോമയാനമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോയിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും എന്നാണ് വിവരം.

Content Highlights: IndiGo CEO Pieter Elbers admits operational lapses. DGCA issues show cause notice, demanding a reply by tonight. Strict action to follow if unsatisfactory.