പാകിസ്താനെക്കാള്‍ തൊഴിലില്ലായ്മ ഇന്ത്യയില്‍, മോദി സര്‍ക്കാര്‍ എല്ലാം തകര്‍ത്തു- രാഹുല്‍

രാഹുൽ ഗാന്ധി | ഫോട്ടോ: പി.ടി.ഐ.
രാഹുൽ ഗാന്ധി | ഫോട്ടോ: പി.ടി.ഐ.

ഭോപാല്‍ (മധ്യപ്രദേശ്): രാജ്യത്ത് കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്നും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം .

'യുവാക്കള്‍ക്കിടയില്‍ 23 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. പാകിസ്താനില്‍ ഇത് 12 ശതമാനമാണ്. ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളേക്കാള്‍ അധികമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്' - രാഹുല്‍ ആരോപിച്ചു.

നോട്ട് നിരോധനവും ജി എസ് ടി യും നടപ്പിലാക്കി ചെറുകിട സംരംഭങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തതാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം. കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കുമെതിരെയുള്ള സാമ്പത്തിക, സാമൂഹിക അനീതിയാണ് രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തെ യുവജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാമ്പത്തിക നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ ബാധിച്ചു. ഇന്ത്യയുടെ സമ്പത്തിന്റെ 60 ശതമാനവും രാജ്യത്തെ സമ്പന്നരായ 5 ശതമാനം പേരുടെ പക്കലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സംസ്ഥാനങ്ങളിലൂടെയുള്ള ഭാരത് ജോഡോ യാത്ര മാര്‍ച്ച് ഇരുപതിന് മുംബൈയില്‍ സമാപിക്കും.

Content Highlights: bharath jodo nyay yaathra, madhyapradesh, criticises economic policy