രാജ്യത്ത് 10 ലക്ഷം പേര്‍ക്ക് 21 ജഡ്ജിമാരെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി: പത്ത് ലക്ഷം പേര്‍ക്ക് 21 ജഡ്ജിമാര്‍ എന്നതാണ് രാജ്യത്തെ ജഡ്ജി-ജനസംഖ്യ അനുപാതമെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. 2011 സെന്‍സസ് ഡാറ്റയ്ക്ക് പുറമെ സുപ്രീംകോടതി, ഹൈക്കോടതികള്‍, കീഴ്‌ക്കോടതികളില്‍ എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട തസ്തികളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജി-ജനസംഖ്യ അനുപാതം കണക്കാക്കുന്നതെന്നും നിയമമന്ത്രി അറിയിച്ചു. രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2014-ല്‍ സുപ്രീംകോടതി ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട എണ്ണം 31 ആയിരുന്നു. മൂന്ന് തസ്തികകള്‍ കൂടി അനുവദിച്ച് ഇത് 34 ആയി ഉയര്‍ത്തിയതായും കേന്ദ്ര നിയമമന്ത്രി അറിയിച്ചു. 2014-ല്‍ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട എണ്ണം 906 ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഹൈക്കോടതി ജഡ്ജിമാരുടെ 216 തസ്തികകള്‍ കൂടി അനുവദിച്ചു. ഇതേത്തുടര്‍ന്ന് നിലവില്‍ ഹൈകോടതി ജഡ്ജിമാരുടെ 1122 തസ്തികകളാണ് വിവിധ ഹൈക്കോടതികളിലായി ഉള്ളതെന്നും കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി.
നിലവില്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ രണ്ട് ഒഴിവുകള്‍ നികത്താനുണ്ടെന്നും അദ്ദേഹം ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നല്‍കി. സ്ഥിരം ജഡ്ജിമാരുടെ 35 ഉം, അഡീഷണല്‍ ജഡ്ജിമാരുടെ 12 ഉം തസ്തികകളാണ് കേരള ഹൈക്കോടതിക്ക് അനുവദിച്ചിട്ടുള്ളത്. നിലവില്‍ 30 സ്ഥിരം ജഡ്ജിമാരും 15 അഡീഷണല്‍ ജഡ്ജിമാരുമാണ് കേരള ഹൈക്കോടതിയിലുള്ളത്. അനുവദിക്കപ്പെട്ട എണ്ണത്തിനെക്കാള്‍ മൂന്ന് അഡീഷണല്‍ ജഡ്ജിമാരാണ് അധികമായുള്ളത്.
കേരളത്തിലെ ജില്ലക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ 611 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 77 തസ്തികള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ രാജ്യസഭയെ അറിയിച്ചു.
Content Highlights: Indias judge-population ratio is 21 judges per 10 lakh, reveals Arjun Ram Meghwal