യുഎസിൽ ഇന്ത്യക്കാരിയുടെ മോഷണം; മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി, വിസ റദ്ദാക്കും

ന്യൂഡല്‍ഹി: യുഎസിലെ വ്യാപാരസ്ഥാപനത്തില്‍ മോഷണശ്രമത്തിനിടെ ഇന്ത്യന്‍വനിത പിടിയിലായതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. യുഎസില്‍ അക്രമം, മോഷണം തുടങ്ങിയവ ചെയ്താല്‍ നിയമപ്രശ്നങ്ങള്‍ മാത്രമല്ല, വിസ റദ്ദാക്കുന്നതിനും കാരണമാകുമെന്നാണ് യുഎസ് എംബസിയുടെ അറിയിപ്പ്. മാത്രമല്ല, ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ യുഎസ് വിസയ്ക്ക് അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.
ഇന്ത്യക്കാരി യുഎസില്‍ മോഷണശ്രമത്തിനിടെ പിടിയിലായെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇല്ലിനോയിലെ 'ടാര്‍ഗറ്റ്' സ്റ്റോറില്‍നിന്നാണ് സ്ത്രീയെ കൈയോടെ പിടികൂടിയത്. മേയ് ഒന്നാം തീയതിയായിരുന്നു സംഭവം. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ബോഡിക്യാം ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
1300 ഡോളര്‍ വിലവരുന്ന(ഏകദേശം 1.11 ലക്ഷം രൂപ) വ്യാപാരസ്ഥാപനത്തില്‍നിന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഇന്ത്യന്‍ വനിതയ്ക്കെതിരേയുള്ള ആരോപണം. ഏഴുമണിക്കൂറോളം സ്ഥാപനത്തിനുള്ളില്‍ ഇവര്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് സാധനങ്ങളുമായി പണമടയ്ക്കാതെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ത്രീയെ ജീവനക്കാര്‍ തടഞ്ഞുവെച്ചത്.
പിടിക്കപ്പെട്ടതോടെ പണം നല്കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് സ്ത്രീ പറഞ്ഞത്. എന്നാല്‍, ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: Indian woman was arrested for shoplifting,The US Embassy in India warned against such acts