വെടിയേറ്റ് രക്തം വാര്‍ന്നൊഴുകിയിട്ടും സാഹസികമായി ബോംബര്‍വിമാനം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചിറക്കി; ആ പോരാളി വിടപറഞ്ഞു

പറവൂര്‍: ടിബി റോഡ് പരാഗില്‍ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട.) എം.കെ. രാഘവ മേനോന് (81) അന്തരിച്ചു. 1971 ഡിസംബറിലെ ഇന്ത്യ-പാക് യുദ്ധത്തില്‍ യുദ്ധവിമാനം പറത്തവേ രാഘവ മേനോന് അതിര്‍ത്തിയില്‍ െവച്ച് പാക് സേനയുടെ വെടിയേറ്റിരുന്നു. ഡിസംബര്‍ 16-ന് ബോംബര്‍ വിമാനത്തില്‍ 250 പൗണ്ടിന്റെ നാല് ബോംബുകളുമായാണ് മേനോന് പാക് അതിര്‍ത്തി കടന്നത്. ലക്ഷ്യത്തില്‍ ബോംബിടുന്നതിനിടെ ഇദ്ദേഹം പറത്തിയ യുദ്ധവിമാനത്തിന് പാക് സേനയുടെ ആന്റി എയര്‍ക്രാഫ്റ്റ് ഗണ്ണില്‍നിന്ന് വെടിയേറ്റു. കോക്പിറ്റിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് ശരീരത്തിന് മുറിവേറ്റെങ്കിലും വിമാനം സാഹസികമായി ഇന്ത്യന്‍ മണ്ണില്‍ തിരിച്ചിറക്കി. അന്ന് വെടിയേറ്റപ്പോള്‍ ധരിച്ചിരുന്ന തുളവീണ സൈനിക യൂണിഫോം ഇപ്പോഴും വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്. വായുസേനയുടെ ധീരതയ്ക്കുള്ള പ്രത്യേക മെഡല്‍ ലഭിച്ചിട്ടുണ്ട്. പറവൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റായിരുന്നു. ചേന്ദമംഗലം മനയന്ത്ര പരേതരായ ഡോ. എം.ജി. കുഞ്ഞന്‍പിള്ളയുടെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പരേതയായ പ്രസന്ന. മക്കള്‍: ലഫ്റ്റനന്റ് കേണല്‍ അജയ് മേനോന്, അശോക് മേനോന് (മാധ്യമ പ്രവര്ത്തകന്, െബംഗളരൂ). മരുമക്കള്‍: സുമിത്രാ മേനോന്, ശ്രീജാ മേനോന്. സംസ്കാരം വെള്ളിയാഴ്ച 10-ന് തോന്ന്യകാവ് ശ്മശാനത്തില്‍.
വ്യോമസേനയുടെ കരുത്തുതെളിയിച്ച പോരാളി
പറവൂര്‍: ശത്രുരാജ്യത്തിനോടുള്ള പോരാട്ടത്തിനിടെ ആകാശത്തുവെച്ച് സ്വന്തം ശരീരത്തില്‍ ഷെല്ലുകള്‍ പതിച്ച് രക്തം വാര്‍ന്നൊഴുകിയിട്ടും തെല്ലിടപോലും മനഃസാന്നിധ്യം കൈവിടാതെ ബോംബര്‍ വിമാനം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചിറക്കിയ പോരാളിയാണ് വ്യാഴാഴ്ച അന്തരിച്ച പറവൂരിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട.) എം.കെ. രാഘവ മേനോന്. ഇന്തോ-പാക് യുദ്ധങ്ങളുടെ ചരിത്രത്തില്‍ മലയാളിയുടെ സമര്പ്പണചരിത്രത്തില് വ്യോമസേനയില്‍ ടിബി റോഡ് പരാഗില്‍ എം.കെ. രാഘവ മേനോന്റെ പേരും തങ്കലിപികളിലുണ്ട്. 81-ാം വയസ്സില്‍ അന്തരിച്ച മേനോന് 27 വയസ്സുള്ളപ്പോഴാണ് ഇന്ത്യയ്ക്കുവേണ്ടി ആ സാഹസിക ദൗത്യം നടത്തിയത്. കൃത്യമായി പറഞ്ഞാല്‍ 1971 ഡിസംബര്‍ 16 ഉച്ചയോടെ ബോംബര്‍ വിമാനത്തില്‍ 250 പൗണ്ടിന്റെ നാല് ബോംബുകളുമായി മേനോന് ഇന്ത്യയുടെ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു. 80 കിലോമീറ്റര്‍ അകലെ പാകിസ്താനില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ ഒരു സ്ഫോടന ശബ്ദം. ഇദ്ദേഹം പറത്തിയ യുദ്ധവിമാനത്തിന്റെ മുകള്ഭാഗം എതിരാളിയുടെ ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. ശക്തിയായ കാറ്റ് വിമാനത്തിനകത്തേക്ക് ഇരച്ചെത്തി. വിമാനത്തിന്റെ കോക്പിറ്റ് തകര്‍ന്നെങ്കിലും യന്ത്രത്തിനൊന്നും സംഭവിച്ചില്ല. മേനോന് ശക്തിയായ കാറ്റിനെ വകവയ്ക്കാതെ കുനിഞ്ഞിരുന്ന് വിമാനം പറത്തി ഇന്ത്യന്‍ മണ്ണിലെത്തിച്ചു. ഇതിനിടെ ഈ വിമാനം ശത്രുവിന്റേതാണെന്നുകരുതി ഇന്ത്യയില്‍നിന്ന് രണ്ടു വിമാനങ്ങള്‍ ഇതിനെ വലയം ചെയ്തു. ശത്രുവാണെന്നു കരുതി വെടിവെയ്ക്കാന്‍ ഉത്തരവുമുണ്ടായി. എന്നാല്‍ അതേ സമയത്തുതന്നെ മേനോന് പൈലറ്റുമാരുമായി ബന്ധം പുലര്‍ത്താനായി. അവരുടെകൂടെ സഹായത്താലാണ് വിമാനം തിരിച്ചിറക്കിയത്. രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞു. ശരീരത്തിലേറ്റ ഷെല്ലിന്റെ ഭാഗം നീക്കം ചെയ്തു.
Content Highlights: Indian Air Force Hero Group Captain (Retd.) M.K. Raghava Menon Passes Away at 81