ഇറക്കുമതിചെയ്യുന്ന കാറിനും മദ്യത്തിനും വില കുറയും; ഇന്ത്യ-UK വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ നിലവിൽവരുന്നതോടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും മദ്യത്തിനു ഗണ്യമായി വിലകുറയാൻ വഴിയൊരുങ്ങി. ഉഭയകക്ഷി വ്യാപാര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ കരാർ വിപണിയിലെ ഇടപെടൽ വർധിപ്പിക്കാനും നികുതികൾ കുറയ്ക്കാനും ചരക്ക് സേവന മേഖലകളിൽ സഹകരണം വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
വാഹന മേഖലയിൽ, അടുത്ത 15 വർഷത്തിനുള്ളിൽ യുകെയിൽനിന്നുള്ള 3.78 ലക്ഷം യാത്രാവാഹനങ്ങൾ ഇറക്കുമതിചെയ്യാൻ ഇന്ത്യ അനുമതി നൽകും. നിലവിൽ ഏകദേശം 110 ശതമാനംവരുന്ന ഇറക്കുമതി തീരുവ പത്ത് ശതമാനമായി ഘട്ടംഘട്ടമായി കുറയ്ക്കുമെങ്കിലും, ആഭ്യന്തര വിപണിയെ സംരക്ഷിക്കുന്നതിനായി കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളെ ഈ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ഒരുവർഷത്തിനുള്ളിൽ തന്നെ 20,000 യാത്രാവാഹനങ്ങൾ കുറഞ്ഞനികുതി നിരക്കിൽ ഇറക്കുമതി അനുവദിക്കും. അഞ്ചാം വർഷം മുതൽ ഇത് പ്രതിവർഷം 37,000 യൂണിറ്റുകളായി വർധിപ്പിക്കും.
സ്കോച്ച് വിസ്കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായും പത്താം വർഷത്തോടെ 40 ശതമാനമായും കുറയും. ഇത് ഇന്ത്യയിലെ മദ്യവ്യവസായത്തിന് ഗുണകരമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. നികുതി പകുതിയായി കുറയുന്നത് ഇന്ത്യയിൽ സ്‌കോച്ച് വിസ്‌കിയുടെ വിലകുറയുന്നതിനും വഴിയൊരുക്കും.
നികുതികളിൽ ഘട്ടംഘട്ടമായുള്ള കുറവ്, ക്വാട്ട അടിസ്ഥാനത്തിലുള്ള വിപണി ഇടപെടൽ, പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ എന്നിവയാണ് കരാറിന്റെ പ്രധാന ഊന്നലുകൾ. ഇന്ത്യൻ കയറ്റുമതിക്കാർക്ക് 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള വിപണി ഈ കരാറിലൂടെ തുറന്നുകിട്ടുമെന്നും നിലവിലുള്ള സാഹചര്യത്തെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഏഴ് മുതൽ പത്ത് ശതമാനംവരെ നികുതി ആനുകൂല്യം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
ഇന്ത്യയുടെ 85 ശതമാനം സ്റ്റീൽ കയറ്റുമതിയും യുകെയുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കപ്പെടും. ഐടി ഉൾപ്പെടെയുള്ള സേവന മേഖലയിലെ പ്രൊഫഷണലുകൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭിക്കും. ഇത് ഇന്ത്യൻ കമ്പനികളുടെ ചെലവ് കുറയ്ക്കാനും മത്സരക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധനകാര്യം, വിദ്യാഭ്യാസം, കൺസൾട്ടിങ് മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും നിക്ഷേപങ്ങൾക്കും ഈ കരാർ വലിയ ഉത്തേജനം നൽകുമെന്നും കരുതപ്പെടുന്നു.
Content Highlights: Comprehensive Economic Trade Agreement (CETA) starts July 15, 2026, Import duties on UK vehicles to drop from 110% to 10% over 15 years, Scotch whisky and gin tariffs reduced from 150% to 40% over 10 years, 85% of Indian steel exports exempted from UK trade restrictions, IT professionals to receive 5-year social security contribution waivers