റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യയ്ക്കുണ്ടാവുക 78,914 കോടിയുടെ അധികച്ചെലവ്

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് യുഎസ്, ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച എക്‌സിക്യുട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കംകൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.
യുഎസ് ചുമത്തിയ അധികത്തീരുവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിയാല്‍ അത് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തിയാല്‍ അതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 78914 കോടി രൂപയുടെ (9 ബില്യണ്‍ ഡോളര്‍) വര്‍ധനവുണ്ടാകുമെന്നാണ് എസ്ബിഐ പറയുന്നത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷം 1,05219 കോടിയായി (12 ബില്യണ്‍ ഡോളര്‍) വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇനി റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്ന സാഹചര്യം വന്നാല്‍ ഇന്ത്യയ്ക്ക് ഇറാഖില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിഗണിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയേയും യുഎഇയേയും എണ്ണയ്ക്കായി പരിഗണിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. അധികത്തീരുവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ആഗോള ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 10 ശതമാനവും കയ്യാളുന്നത് റഷ്യയാണ്. എല്ലാ രാജ്യങ്ങളും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും മറ്റ് രാജ്യങ്ങൾ ഉത്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താൽ അത് ക്രൂഡ് ഓയില്‍ വിലയില്‍ 10 ശതമാനം വര്‍ധനവിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2022 മുതല്‍ ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ബാരലിന് 60 ഡോളര്‍ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ ലഭിച്ചിരുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 8.8 കോടി മെട്രിക് ടണ്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തത്.
Content Highlights: Stopping Russian crude oil imports could increase India`s import bill by ₹78,914 crore ($9 billion)