ഗില്‍ഗിത് - ബാള്‍ട്ടിസ്താന് പ്രവിശ്യാ പദവി നല്‍കാനുള്ള പാക് നീക്കത്തെ തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഗില്‍ഗിത് - ബാള്‍ട്ടിസ്താന് പ്രവിശ്യാ പദവി നല്‍കാനുള്ള പാകിസ്താന്റെ തീരുമാനത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. 'ഗില്‍ഗിത് - ബാള്‍ട്ടിസ്താന്‍' എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രദേശം പാകിസ്താന്‍ നിയമവിരുദ്ധമായും ബലമായും പിടിച്ചുവെച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
'ഗില്‍ഗിത് - ബാള്‍ട്ടിസ്താന്‍' എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഉള്‍പ്പെടെ ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിയമവിരുദ്ധമായും ബലമായും കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പാകിസ്താന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലം പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്താന്റെ നിയമവിരുദ്ധമായ അധിനിവേശത്തെ മറച്ചുവെക്കാന്‍ ഉദ്ദേശിച്ചുള്ളതാണിതെന്നും എന്നാല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഏഴ് പതിറ്റാണ്ടായി നേരിടുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍, ചൂഷണം, സ്വാതന്ത്ര്യം നിഷേധിക്കല്‍ എന്നിവ മറയ്ക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഗില്‍ഗിത് - ബാള്‍ട്ടിസ്താന്‍ താത്കാലിക പ്രവിശ്യാപദവി നടപടി നല്‍കുന്നതായി പാകിസ്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2009 മുതല്‍ ഭാഗികമായ സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ഇവിടെ പ്രദേശത്ത് ഭരണം നടത്തുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ പ്രദേശത്തിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടും.
Content Highlights: India rejects Pakistan’s status to Gilgit-Baltistan, says it has no locus standi
Content Highlights: