ഹോർമുസ് അടഞ്ഞാലും എൽപിജിയെത്തും, അങ്ങ് അർജന്റീനയിൽ നിന്ന്, ഗുജറാത്തിലെത്തി 39,000 ടൺ

പ്രതീകാത്മക ചിത്രം | PTI Photo
പ്രതീകാത്മക ചിത്രം | PTI Photo

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന എൽപിജി പ്രതിസന്ധിക്ക് അർജന്റീനയിൽ നിന്ന് സഹായം. അർജന്റീനയിലെ ബഹിയ ബ്ലാങ്ക തുറമുഖത്ത് നിന്ന് ഇതിനകം 39,000 ടൺ എൽപിജി ഇന്ത്യൻ തീരത്തെത്തിക്കഴിഞ്ഞു. ഗുജറാത്തിലെ ദഹേജ് തുറമുഖത്തിലാണ് കപ്പലെത്തിയത്. മാർച്ച് 5-ന് 11,000 ടൺ കൂടി അയച്ചിട്ടുണ്ട്. ഇതും ഈ മാസത്തോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർജന്റീനയിൽ നിന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്തേക്കുള്ള 20,000 കിലോമീറ്ററോളം ദൂരം വലിയൊരു വെല്ലുവിളിയാണ്. ഇത് ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുകയും വിതരണത്തിന് കൂടുതൽ സമയമെടുക്കാൻ കാരണമാവുകയും ചെയ്യുന്നു. നീണ്ട യാത്രയായതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ വിതരണത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എങ്കിലും പ്രശ്‌നത്തെ നേരിടാൻ ഇത്തരം മാർഗമല്ലാതെ വഴിയില്ല.

2026-ന്റെ ആദ്യ പാദത്തിൽ മാത്രം അർജന്റീന 50,000 ടൺ എൽപിജി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് 2025-ൽ ആകെ കയറ്റുമതി ചെയ്ത 22,000 ടണ്ണിനേക്കാൾ ഇരട്ടിയിലധികമാണ്. ഊർജ്ജ ഇറക്കുമതിക്ക് ഒരേ മേഖലയെ മാത്രം ആശ്രയിക്കാതെ വൈവിധ്യവത്കരിക്കാൻ ഇന്ത്യ നേരത്തെ നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ ഉപകാരമാകുന്നത്. പരമ്പരാഗത വിതരണ മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം തന്ത്രപ്രധാനമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സഹകരിക്കാൻ തയ്യാറാണെന്ന് അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ വ്യക്തമാക്കി. 40-ലധികം രാജ്യങ്ങളിൽ നിന്ന് ഇന്ധനം എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ അദ്ദേഹം പ്രശംസിച്ചു.

Content Highlights: India diversifying LPG sources to mitigate West Asia supply risks., 39,000 tonnes of LPG already arrived at Dahej port from Argentina., Significant increase in bilateral energy trade compared to 2025., Strategic move to ensure national energy security despite long-distance logistics challenges.