പണപ്പെരുപ്പം കണക്കാക്കുന്ന രീതി മാറുന്നു, സൗജന്യ ഭക്ഷ്യോത്പന്നങ്ങൾ ഇനി കണക്കിൽപ്പെടില്ല

മുംബൈ: രാജ്യത്തെ നയതീരുമാനങ്ങളിൽ നിർണായകമായ, ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുന്ന രീതി മാറുന്നു. അടിസ്ഥാനവർഷം 2024 ആയി മാറ്റുന്നതിനൊപ്പം കാലാനുസൃതമായി അപ്രസക്തമായ ചില ഉത്പന്നങ്ങളുടെ വിലനിലവാര പരിശോധന ഒഴിവാക്കുകയും ചിലതു കൂട്ടിച്ചേർക്കുകയും ചെയ്യും. പുതിയ സീരീസിലെ ആദ്യ പണപ്പെരുപ്പനിരക്ക് ഫെബ്രുവരി 12-ന് പുറത്തുവരും.
പുതിയരീതിയിൽ പണപ്പെരുപ്പം കണക്കാക്കുന്നതിൽ ഭക്ഷ്യോത്പന്നങ്ങൾക്കു നൽകിവന്നിരുന്ന പ്രാധാന്യം കുറയും. ഗോതമ്പ്, അരി എന്നിവ സൗജന്യ നിരക്കിൽ നൽകുമ്പോൾ അത് പണപ്പെരുപ്പം കണക്കാക്കുന്നതിൽ പ്രതിഫലിക്കില്ല. പൊതുവിതരണ സംവിധാനം വഴി 80 കോടി പേർക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യ നിരക്കിൽ നൽകുന്നുണ്ട്. പണപ്പെരുപ്പം കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം മാറ്റുന്നത് പരിശോധിക്കാൻ നിയോഗിച്ച 22 അംഗ സമിതിയുടേതാണ് തീരുമാനം. പണപ്പെരുപ്പ നിർണയം ആഗോളരീതിയിലേക്കു മാറ്റുന്നതിന്റെ ഭാഗമായിക്കൂടിയാണ് നടപടി.
സൗജന്യനിരക്കിൽ നൽകുന്ന ഭക്ഷ്യോത്പന്നങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും വിലനിലവാരം പണപ്പെരുപ്പം കണക്കാക്കുന്നതിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് ആഗോള രീതി. അന്താരാഷ്ട്ര ചട്ടങ്ങളിൽനിന്നു നമുക്കും വ്യതിചലിക്കാനാകില്ല. മറ്റു രാജ്യങ്ങളിൽ ഇത്തരം സൗജന്യവിഭവങ്ങളുടെ വില പണപ്പെരുപ്പ നിർണയത്തിനായി പരിഗണിക്കുന്നത് അഞ്ചുമുതൽ പത്തുശതമാനംവരെ മാത്രമാണ്. ഇന്ത്യയിൽ വലിയവിഭാഗം ജനങ്ങൾക്ക് ഈ സൗജന്യം നൽകിവരുന്നു. സബ്സിഡി നിരക്കിൽ നൽകുന്ന ഭക്ഷ്യവസ്തുക്കളാണ് കണക്കുകളുടെ ഭാഗമാകുന്നതെങ്കിൽക്കൂടി ഇന്ത്യയിൽ പണപ്പെരുപ്പ കണക്കുകളെ ഇതു കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പണപ്പെരുപ്പം കുറച്ചുകാണിക്കാൻ ഇതു വഴിതെളിക്കും.
ഭക്ഷ്യോത്പന്നങ്ങളുടെ വെയിറ്റേജ് കുറഞ്ഞേക്കും
പുതിയ പണപ്പെരുപ്പ സീരീസിൽ ഭക്ഷ്യോത്പന്നങ്ങൾക്കു നൽകിവരുന്ന വെയിറ്റേജ് കുറഞ്ഞേക്കും. നിലവിലിത് 45.86 ശതമാനം വരെയാണ്. അതുകൊണ്ടാണ് പച്ചക്കറിപോലെ കാലാവസ്ഥയെ ആശ്രയിക്കുന്ന ഉത്പന്നങ്ങളിലെ ചെറിയ മാറ്റങ്ങൾപോലും പണപ്പെരുപ്പത്തിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നത്. ഇത് വിപണിയിലെ നിലവിലെ സ്ഥിതിയുമായി യോജിക്കുന്ന രീതിയിൽ പരിഷ്കരിക്കാനാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ശ്രമിക്കുന്നത്.
2023-24 വർഷത്തെ ഗാർഹിക ഉപഭോഗ ചെലവു സംബന്ധിച്ച സർവേയിൽ ഭക്ഷണത്തിനുള്ള ചെലവ് കുറഞ്ഞുവരുന്ന പ്രവണത പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിനു നൽകിവരുന്ന വെയിറ്റേജും കുറഞ്ഞേക്കും. മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിവയുടെ ചെലവിൽ വർധനയുണ്ടായി. നഗരങ്ങളിലെ യാത്രാ രീതി അടിമുടി മാറി. ഇതിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ പണപ്പെരുപ്പ കണക്കുകളിൽ പ്രതിഫലിക്കേണ്ടതുണ്ട്.
വിസിആർ, ഡിവിഡി പ്ലേയറുകൾ, ടോർച്ച് ലൈറ്റ്, ഓഡിയോ കാസറ്റുകൾ, റേഡിയോ, തയ്യൽ മെഷീൻ തുടങ്ങിയ വിലനിലവാരം ഇപ്പോഴും പണപ്പെരുപ്പം കണക്കാക്കുന്നതിൽ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം പുതിയ സീരീസിൽ നീക്കംചെയ്യും. പകരം സ്മാർട്ട്ഫോൺ, ഒടിടി, ഹോട്ടൽ ഭക്ഷണം, ആപ്പ് അടിസ്ഥാനമാക്കിയുള്ള യാത്രാ സംവിധാനങ്ങൾ, ക്വിക് കൊമേഴ്സ്, ഗ്രാമീണ മേഖലയിലെ വീട്ടുവാടക തുടങ്ങി ഒട്ടേറെ പുതിയ മേഖലകൾ കടന്നുവരുമെന്നാണ് വിവരം. പുതിയ ഉപഭോക്തൃ പണപ്പെരുപ്പ ബാസ്കറ്റിൽ 350-നടുത്ത് ഇനങ്ങളുണ്ടാകും. പഴയരീതിയിൽ 299 ഇനങ്ങളാണുണ്ടായിരുന്നത്. ഓരോന്നിന്റെയും വെയിറ്റേജ് പിന്നീട് പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
പണപ്പെരുപ്പം
വിപണിയിലെ ഉത്പന്നങ്ങളുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുന്നതിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനമാണിത്. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന, തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ മാറ്റങ്ങൾ നിശ്ചിതസമയങ്ങളിൽ വിപണിയിൽനിന്നു ശേഖരിച്ച് അതിലെ മാറ്റം കണക്കാക്കുന്നു. വിലക്കയറ്റമാണെങ്കിൽ അതിന്റെ ശരാശരി വിലയിരുത്തി പണപ്പെരുപ്പമെന്നും വില കുറയുകയാണെങ്കിൽ പണച്ചുരുക്കമെന്നും വിളിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് ഇന്ത്യയിൽ പണപ്പെരുപ്പം നിർണയിക്കുന്നതിനായി വിലവിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്.
Content Highlights: India is revising its Consumer Price Index (CPI) calculation method, changing the base year to 2024 and updating the basket of goods and services. Discover what this means for inflation rates.