ആദ്യപാദ സാമ്പത്തികവളർച്ച 7.8%, പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ; ഇന്ത്യ പൂത്തുലയുന്നെന്ന് പ്രധാനമന്ത്രി

#ന്യൂസ് ഡെസ്‌ക്
നരേന്ദ്ര മോദി, പ്രതീകാത്മകചിത്രം | Photo: PTI, mathrubhumi
നരേന്ദ്ര മോദി, പ്രതീകാത്മകചിത്രം | Photo: PTI, mathrubhumi

ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.8 ശതമാനം. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യമുള്ളത്. കുറ്റംപറഞ്ഞവർ പരാജയപ്പെട്ടെന്നും ഇന്ത്യ പൂത്തുലയുകയാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ആദ്യപാദമായ ഏപ്രിൽ-ജൂൺ മാസത്തിലെ ജിഡിപി വളർച്ച തൊട്ടുമുൻപത്തെ പാദത്തിലെ വളർച്ച (8.6 ശതമാനം)യേക്കാൾ കുറവാണ്. എന്നാൽ, കഴിഞ്ഞ സാമ്പത്തികവർഷത്തിലെ സമാനപാദത്തെ അപേക്ഷിച്ച് ഉയർന്നതാണ് ഇപ്പോഴത്തേത്. അന്ന് ഏപ്രിൽ-ജൂൺ മാസത്തിലെ വളർച്ച 6.9 ശതമാനമായിരുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഏഴുശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. എന്നാൽ, ഇതിനേക്കാൾ 0.8 ശതമാനം കൂടുതൽ വളർച്ച നേടുകയായിരുന്നു. സാമ്പത്തികം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സർവീസ് തുടങ്ങിയ മേഖലകളാണ് ആദ്യപാദത്തിൽ ഉയർന്ന വളർച്ചാനിരക്ക് നേടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സഹായിച്ച മേഖലകൾ.

ജിഡിപി വളർച്ചയിലെ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹികമാധ്യമമായ എക്‌സിൽ കുറിപ്പ് പങ്കുവെച്ചു. ‘2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിലെ 7.8 ശതമാനമെന്ന മാതൃകാപരമായ ജിഡിപി വളർച്ച വലിയനേട്ടമാണ്. ആഗോള അസ്ഥിരതകൾക്കിടയിലും എണ്ണവിലവർധനയും വിതരണശൃഖലയിലെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഇത്തരമൊരു വളർച്ച നേടാനാകുമെന്ന് ഉറപ്പുവരുത്തിയത് നമ്മുടെ ജനങ്ങളുടെ കൂട്ടായ കരുത്താണ്. ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു, ഒരിക്കൽക്കൂടി..’, മോദിയുടെ കുറിച്ചു.

Content Highlights: India's Q1 GDP growth for the 2026-27 fiscal year stood at 7.8 percent., The growth rate surpassed the Reserve Bank of India's (RBI) prediction of 7 percent., Key sectors driving the growth include finance, real estate, IT, and professional services., Prime Minister Narendra Modi congratulated the nation on the exemplary economic performance.