ചാമ്പ്യൻസ് ട്രോഫി വിജയാഘോഷം അതിരുവിട്ടു; യുവാക്കളുടെ തലമൊട്ടയടിച്ച് തെരുവിൽനടത്തി പോലീസ്; പ്രതിഷേധം

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചതിലുള്ള ആഘോഷം അതിരുവിട്ടതോടെ യുവാക്കള്‍ക്കെതിരേ പോലീസിന്റെ കടുത്ത നടപടി. രാത്രി ഏറെ വൈകി ആഘോഷം നീണ്ടതോടെ യുവാക്കളെ സ്‌റ്റേഷനിലെത്തിച്ച പോലീസ് ഇവരുടെ തല മൊട്ടയടിച്ച് തെരുവില്‍കൂടി നടത്തിയെന്നാണ് ആരോപണം. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം.
വിജയാഘോഷം അക്രമാസക്തമാകുകയും ഇതില്‍ ഉള്‍പ്പെട്ട യുവാക്കള്‍ പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കെതിരേ പോലീസ് ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ)പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുപ്രകാരം 12 മാസം വരെ ഇവരെ തടങ്കലില്‍ വെയ്ക്കാം.
ഇക്കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ വിജയത്തിനു പിന്നാലെയായിരുന്നു അനിഷ്ട സംഭവങ്ങള്‍. വിജയത്തിനു പിന്നാലെ രാത്രി ദേവാസില്‍ വലിയതോതിലുള്ള ആഘോഷങ്ങള്‍ നടന്നിരുന്നു. ഇതിനിടെ സയാജി ഗേറ്റിനു സമീപം ഏതാനും യുവാക്കള്‍ അപകടകരമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തടയാന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അജയ് സിങ് ഗുര്‍ജാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രമിച്ചതോടെ യുവാക്കള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.
പോലീസ് പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങളില്‍ യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതും ഇവര്‍ പിന്‍വാങ്ങുമ്പോള്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് കല്ലുകളെറിയുന്നതും കാണാം. ഇതുമായി ബന്ധപ്പെട്ട് പോലീസ് 10 യുവാക്കള്‍ക്കെതിരേ കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് അവരില്‍ ചിലരെ ബലമായി തലമൊട്ടയടിച്ച ശേഷം സംഭവം നടന്ന സയാജി ഗേറ്റിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് പ്രതിക്കൂട്ടിലായി. ഞായറാഴ്ച വൈകി പ്രവര്‍ത്തിച്ചതിന് ഒരു തെരുവ് ഭക്ഷണ വില്‍പ്പനക്കാരനെ പോലീസ് ആക്രമിച്ചതായും ആരോപണമുണ്ട്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒരു കോണ്‍സ്റ്റബിളിനെതിരേ അടിയന്തര നടപടി സ്വീകരിച്ചു. ഇയാളോട് എസ്.പിയുടെ അന്വേഷണം വരെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിർദശിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബിജെപി എംഎല്‍എ ഗായത്രി രാജെ പുവാര്‍ ചൊവ്വാഴ്ച പോലീസ് സൂപ്രണ്ട് പുനിത് ഗെഹ്‌ലോട്ടിനെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടി. ഞായറാഴ്ച രാത്രിയിലെ ആഘോഷങ്ങളിലും തിങ്കളാഴ്ചത്തെ സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
Content Highlights: Police in Dewas, Madhya Pradesh, shaved the heads of young men celebrating India`s Champions Trophy