56 ഇഞ്ചുള്ള കളിപ്പാട്ടം, അതിന്റെ കീ ചൈനയുടെ കൈവശം-ITBP മേധാവിയുടെ പരാമർശത്തിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ്

#ന്യൂസ് ഡെസ്‌ക്
നരേന്ദ്ര മോദി, പവൻ ഖേര | Photo: PTI, ANI
നരേന്ദ്ര മോദി, പവൻ ഖേര | Photo: PTI, ANI

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈനയുമായി സംഘർഷങ്ങളുണ്ടാകുന്നുണ്ടെന്ന ഐടിബിപി മേധാവിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ പരോക്ഷ പരിഹാസവുമായി കോൺഗ്രസ്. അരുണാചൽ അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ ജൂലൈ മാസം മുതൽ കേന്ദ്രസർക്കാർ മൂടിവെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച ഖേര, ചൈനയും അമേരിക്കയും ഇസ്രയേലും നിയന്ത്രിക്കുന്ന പാവയാണ് നരേന്ദ്ര മോദിയെന്നും പരിഹസിച്ചു.

‘ചൈനീസ് കളിപ്പാട്ടങ്ങൾ ലോകമെമ്പാടും വിൽക്കപ്പെടുന്നുണ്ട്. രാജ്യത്ത് നമുക്കുമുണ്ട് ഒരു 56 ഇഞ്ചുള്ള കളിപ്പാട്ടം. അതിന്റെ കീ ചൈനയുടെ കൈവശമാണുള്ളത്. അമേരിക്കയുടെ കൈയിലും കീയുണ്ട്, ഖേര പറഞ്ഞു. 

ജനങ്ങൾ സംശയിച്ചിരുന്നതും എന്നാൽ ജൂലൈ മാസം മുതൽ സർക്കാർ അടക്കിവെച്ചിരുന്നതുമായ വിവരത്തിലേക്കാണ് ഐടിബിപി മേധാവിയുടെ പരാമർശം വെളിച്ചംവീശിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഐടിബിപിയുടെ ഡയറക്ടർ ജനറൽ പറഞ്ഞ കാര്യം എനിക്കും നിങ്ങൾക്കും അറിയാം. എന്നാൽ സർക്കാർ അത് മൂടിവെച്ചിരിക്കുകയായിരുന്നു. ഇന്ന് ഡയറക്ടർ ജനറലിന്റെ വെളിപ്പെടുത്തൽ എല്ലാവർക്കും കാര്യം ബോധ്യമാക്കിക്കൊടുത്തു, ഖേര പറഞ്ഞു.

രാജസ്ഥാനിലെ ആൾവാറിൽ നടന്ന ഹിമവീർ സമ്മാൻ സമാരോഹ് പരിപാടിക്കിടെയാണ് ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് കപുർ, അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തികളിൽ സംഘർഷങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞത്.

Content Highlights: ITBP Director General Shatrujeet Kapur confirmed China border tensions in Arunachal Pradesh., Congress leader Pawan Khera indirectly mocked PM Modi, comparing him to a toy controlled by China., Congress accused the central government of hiding border situation details since July.