ചൈന പട്രോളിങ് രീതി തെറ്റിക്കുന്നു, ഇടയ്ക്കിടെ സംഘർഷമുണ്ടാകുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

#ന്യൂസ് ഡെസ്‌ക്
വിദേശകാര്യമന്ത്രാലയ വക്താവ് രൺവീർ ജയ്‌സ്വാൾ | Photo: PTI
വിദേശകാര്യമന്ത്രാലയ വക്താവ് രൺവീർ ജയ്‌സ്വാൾ | Photo: PTI

ന്യൂഡൽഹി: ചൈനയ്‌ക്കെതിരേ വിമർശനവുമായി വിദേശകാര്യമന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിൽ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം സ്ഥാപിക്കുന്നതിൽ ബെയ്ജിങ് പരാജയപ്പെട്ടെന്നും നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് ചൈനീസ് സൈന്യം വ്യതിചലിക്കുമ്പോൾ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ സംഘർഷങ്ങളുണ്ടാകാറുണ്ടെന്നും പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയ വക്താവ് രൺവീർ ജയ്‌സ്വാൾ പറഞ്ഞു.

നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകളും തെറ്റായ കണക്കുകൂട്ടലുകളും ഒഴിവാക്കുന്നതും നയതന്ത്ര-സൈനിക പരിഹാര സംവിധാനങ്ങൾ ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശങ്ങളിലെ പലയിടങ്ങളിലും ഈയടുത്ത ദിവസങ്ങളിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുമായി നേർക്കുനേർ വരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അത്തരം സാഹചര്യം ഇപ്പോഴും തുടരുകയാണെന്നും ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപുർ വ്യാഴാഴ്ച പറഞ്ഞിരുന്നു. രാജസ്ഥാനിലെ ആൾവാറിലെ സൈനിക ക്യാമ്പിൽവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കപുറിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് വാർത്താസമ്മേളനത്തിൽ ജയ്‌സ്വാൾ മറുപടി പറഞ്ഞത്.

Content Highlights: MEA blames China for failing to maintain peace and tranquility at the border., Changes in China's patrolling style are causing frequent border tensions., Diplomatic and military channels are working to resolve misunderstandings along the LAC., ITBP DG earlier highlighted continuing skirmishes with PLA in Arunachal Pradesh.