ചെനാബിൽ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ; പാകിസ്താന്റെ വെള്ളംകുടി മുട്ടുമോ?

#ന്യൂസ് ഡെസ്ക്
ലഡാക്കിലൂടെ ഒഴുകുന്ന സിന്ധു നദി | Photo by Pallava Bagla/Getty Images
ലഡാക്കിലൂടെ ഒഴുകുന്ന സിന്ധു നദി | Photo by Pallava Bagla/Getty Images

ന്യൂഡൽഹി: സിന്ധു നദീജല കരാറിൽനിന്ന് പിൻവാങ്ങിയതിന് പിന്നാലെ പാകിസ്താന് കടുത്ത തിരിച്ചടിനൽകാൻ ഇന്ത്യ. സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബിൽ വമ്പൻ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യ ആരംഭിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ഉധംപുർ, റംബാൻ ജില്ലകളിലാണ് 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാവൽകോട്ട് പദ്ധതി വിഭാവനം ചെയ്യുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കിയതിന് ശേഷം നരേന്ദ്ര മോദി സർക്കാർ പച്ചക്കൊടി കാട്ടുന്ന ആദ്യത്തെ മെഗാ പദ്ധതിയാണിതെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ഘട്ടത്തിൽ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ടും വൈദ്യുതോൽപാദനം ലക്ഷ്യംവെക്കുന്ന പദ്ധതി, ചെനാബ് നദിയിയിൽ ബാഗ്ലിഹാർ, സലാൽ പദ്ധതികൾക്ക് ഇടയിലായാണ് നിർമിക്കുക. ഈ മെഗാ പദ്ധതിക്കായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ‌എച്ച്‌പി‌സി) ലിമിറ്റഡ് ഫെബ്രുവരി അഞ്ചിന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതി എത്രയുംവേഗത്തിൽ പൂർത്തീകരിക്കാനാണ് എൻ‌എച്ച്‌പി‌സി ലക്ഷ്യമിടുന്നത്. ഇത് മുന്നിൽകണ്ടാണ് നിർമ്മാണരീതിയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും ആസൂത്രണംചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി മേഖലയിൽ 1,856 മെഗാവാട്ട് പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മാത്രമല്ല, ചെനാബ് നദീതടത്തിലെ മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

നേരത്തെ, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ തള്ളിയിരുന്നു. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി. അതിനാൽ കോടതി നിർദേശപ്രകാരമുള്ള രേഖകൾ ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2025 ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏപ്രിൽ 23-നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച് ഉത്തരവിട്ടത്. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ജലസഹകരണം സാധ്യമല്ലെന്ന ഇന്ത്യയുടെ വ്യക്തമായ സന്ദേശമായിരുന്നു ഈ നീക്കം. പാകിസ്താന്റെ കൃഷിയുടെ 80-90 ശതമാനവും സിന്ധുനദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ പ്രധാന ജലസംഭരണികളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് പാകിസ്താനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.