ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പോരാട്ടം തുടരും- മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്ഷൻ കമ്മീഷണർ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാംലീല മൈതാനത്ത് നടന്ന 'ഇന്ത്യ' മുന്നണിയുടെ 'ചലോ ഡൽഹി' റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഭിന്നിപ്പിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ജനങ്ങളും പ്രതിപക്ഷവും ശക്തമായി പോരാടുമ്പോൾ നരേന്ദ്ര മോദിക്ക് അധികാരത്തിൽ നിന്ന് ഇറങ്ങേണ്ടി വരും. വോട്ട് മോഷണത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനുമുള്ള പോരാട്ടം മുന്നണി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാർ 'മോദിയുടെ പാവയായി' പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച തേജസ്വി യാദവ്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മഹാഭാരത യുദ്ധത്തോട് ഉപമിച്ചു. രാമായണ നാടകങ്ങൾ അവതരിപ്പിക്കുന്ന രാംലീല മൈതാനം ഇന്ന് വോട്ട് മോഷ്ടിക്കുന്നവർക്കെതിരെ 'മഹാഭാരതം' തീർക്കാൻ പ്രതിപക്ഷത്തിന് കുരുക്ഷേത്രമായി മാറിയിരിക്കുകയാണെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
ഇലക്ടറൽ റോളുകളിലെ അപാകതകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾക്കും എതിരെയുമാണ് പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നത്. എസ്.ഐ.ആർ പ്രക്രിയ വൻതോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇടയാക്കിയെന്ന് ആരോപിച്ച നേതാക്കൾ, ഈ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ 'ഇന്ത്യ' മുന്നണി നേതാക്കൾ റാലിയിൽ പങ്കെടുത്തു.