BBC ഓഫീസുകളിലെ പരിശോധന പൂർത്തിയായി; നീണ്ട 60 മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങി

ന്യൂഡൽഹി: ബി.ബി.സി. ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന അവസാനിച്ചു. പരിശോധന പൂർത്തിയാക്കി മുംബൈ, ഡൽഹി ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥർ മടങ്ങി. മൂന്നാം ദിവസമായ വ്യാഴാഴ്ച രാത്രിയാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങിയത്. അറുപതോളം മണിക്കൂറാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നീണ്ടത്.
രാത്രി എട്ട് മണിയോടു കൂടി മുംബൈയിലെ ബി.ബി.സി. ഓഫീസിൽ നിന്നും, പത്തരയോടു കൂടി ഡൽഹിയിലെ ബി.ബി.സി. ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ മടങ്ങി.
'ബി.ബി.സി. വിശ്വാസ്യതയുള്ള സ്ഥാപനമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുകയും ഭയമില്ലാതെ ആർക്കും അനുകൂലവും പ്രതികൂലവുമല്ലാതെ പ്രവർത്തിക്കുന്ന, മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും ഒപ്പം ബി.ബി.സി. ഉണ്ടാകും' എന്ന് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബി.ബി.സി. വ്യക്തമാക്കി.
Content Highlights: Income Tax Survey At BBC Offices Ends After Nearly 60 Hours