ഇന്ത്യ വിടാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാൻ; റദ്ദാക്കണമെന്ന് ആവശ്യം

മുംബൈ: ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് (ലീവ് ഇന്ത്യ നോട്ടീസ്-എൽഐഎൻ) ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) നൽകിയ നോട്ടീസിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ. എഫ്ആർആർഒയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം സമർപ്പിച്ച റിട്ട് പെറ്റീഷനിൽ ആരോപിക്കുന്നു.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് (ഐഎഫ്എ) ലംഘിച്ചുവെന്ന് ആരോപിച്ച് ഒക്ടോബർ 28-നുള്ളിൽ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ പതിനാലിനാണ് ഇമ്രാന് എഫ്ആർആർഒ നോട്ടീസ് നൽകിയത്.
എസ്ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ പത്താംതീയതി ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ പങ്കെടുത്തിരുന്നു. പിന്നാലെയാണ് അമേരിക്കൻ പൗരനായ ഇമ്രാനോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
തന്റെ റിട്ട് ഹർജിയിൽ തീരുമാനമാകുന്നതുവരെ എൽഐഎൻ റദ്ദാക്കണമെന്നും അസാധുവാക്കണമെന്നും ഇമ്രാൻ അഭ്യർഥിച്ചു. കൂടാതെ, നാടുകടത്തൽ, ലുക്ക് ഔട്ട് സർക്കുലർ, കരിമ്പട്ടികയിൽപ്പെടുത്തൽ, ഒസിഐ കാർഡിനെതിരേ നടപടിയെടുക്കൽ തുടങ്ങിയ നടപടികൾ കൈക്കൊള്ളുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ തടയാൻ ഇടക്കാല ആശ്വാസം ലഭ്യമാക്കണമെന്നും അദ്ദേഹം റിട്ടിൽ ആവശ്യപ്പെട്ടു.
അടിയന്തരവാദം കേൾക്കുന്നതിനായി എംഎസ്എം ലീഗലിലെ അഭിഭാഷകരായ സുൾഫിക്കർ മേമൻ, പർവേസ് മേമൻ, ചിരാഗ് നായിക് എന്നിവർ വിഷയം തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുൻപാകെ പരാമർശിക്കും. പ്രതിഷേധത്തിൽ പങ്കെടുത്ത് ഇമ്രാൻ അറസ്റ്റിലായതിന് പിന്നാലെ ബിജെപി നേതാവായ കിരീട് സോമയ്യയാണ് ഇമ്രാനെതിരേ പരാതി നൽകിയത്
Content Highlights: Actor Imran Khan filed a writ petition in the Bombay High Court against the FRRO's Leave India Notice., The notice was issued following his participation in a protest at Kranti Maidan demanding the resignation of the Chief Election Commissioner., Imran Khan's legal team has sought interim relief against deportation and blacklisting., BJP leader Kirit Somaiya had filed a complaint against him following the protest.