കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസ് പാർട്ടി നിലപാടിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. ഇ.വി.എം വഴി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജി വെക്കുകയാണെങ്കിൽ ബാലറ്റ് പേപ്പർ രീതിയിലേക്ക് മാറാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കേരളം, കർണാടക, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇ.വി.എം ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ഇത്തരത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജി വെച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറാണെങ്കിൽ ബാലറ്റ് വോട്ടിങ്ങിനെ പിന്തുണയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അസ്സം,ബംഗാൾ, ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ വ്യത്യാസം വന്നത് അനധികൃത കുടിയേറ്റത്തിലൂടെയാണ്. നിത്യവും ഇത് വർധിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ ആകെപ്പാടെ മാറും. അതിനാൽ രാജ്യത്തുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സ്‌പെഷ്യൽ സമ്മറി റിവിഷൻ പോലുള്ള നടപടികൾ ഒഴിവാക്കാനാവാത്തതാണ്. അഞ്ച് വർഷം കൂടുമ്പോൾ എസ്.ഐ.ആർ നടക്കണണെന്നാണ് താൻ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. രാഹുലും കോൺഗ്രസും വിദേശശക്തികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകർക്കാനാണ് അവരുടെ ശ്രമം. ഇന്ത്യയോ നേപ്പാളോ ബംഗ്ലാദേശോ ആക്കാനാണ് അവരുടെ ശ്രമം. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് രാഹുൽ ശ്രമിക്കുന്നത്. പൊതുജനങ്ങളുടെ പിന്തുണയില്ലാതെ ഭരണവർഗത്തെ താഴെയിറക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ വോട്ട് ചോരി പ്രതിഷേധമെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ പിന്തുണയില്ലാതെ വെറും രണ്ടായിരമോ മൂവായിരമോ ആളുകൾ മാത്രമേ രാഹുലിന്റെ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുകയുള്ളൂ. അസ്വസ്ഥരായ ഏതാനും 'ദിമാഗി നക്‌സലുകളാണ'് ഈ പ്രതിഷേധത്തെ ഇപ്പോൾ നയിക്കുന്നത്. ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കാത്താവരാണ് അവർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Assam CM Himanta Biswa Sarma challenges Congress governments elected via EVMs to resign., He stated he is ready to shift to ballot papers if Congress steps down and faces fresh polls., Highlighted demographic changes in Assam, Bengal, and Jharkhand due to illegal immigration., Criticized Rahul Gandhi, accusing him and Congress of working for foreign powers and aiming to destabilize democratic institutions.