പന്ത് ഡി.കെയുടേയും കൂട്ടരുടേയും കോർട്ടിൽ; നിരീക്ഷകരുടെ തീരുമാനംവരെ രാജിയില്ലെന്ന് വിക്രമാദിത്യസിങ്

വിക്രമാദിത്യസിങ്, ഭൂപീന്ദര്‍ ഹൂഡയും ഡി.കെ. ശിവകുമാറും | Photo: ANI
വിക്രമാദിത്യസിങ്, ഭൂപീന്ദര്‍ ഹൂഡയും ഡി.കെ. ശിവകുമാറും | Photo: ANI

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ തന്റെ രാജിയുമായി മുന്നോട്ടില്ലെന്ന് ഹിമാചല്‍പ്രദേശ് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യസിങ്. കോണ്‍ഗ്രസ് നിരീക്ഷകരായ ഡി.കെ. ശിവകുമാര്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ഭൂപേഷ് ബഘേല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിക്രമാദിത്യസിങ്ങിന്റെ പ്രഖ്യാപനം. പിതാവിന്റെ പേരില്‍ അധികാരം നേടിയ പാര്‍ട്ടി അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരം നല്‍കിയില്ലെന്ന് ആരോപിച്ച് ബുധനാഴ്ച രാവിലെ വിക്രമാദിത്യസിങ് രാജി നല്‍കിയിരുന്നു. നിലവിലെ പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിന്റേയും മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റേയും മകനാണ് വിക്രമാദിത്യസിങ്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നത് ഓരോ വ്യക്തിയുടേയും കടമയാണെന്നും സര്‍ക്കാരിന് നിലവില്‍ ഭീഷണികളൊന്നുമില്ലെന്നും വിക്രമാദിത്യസിങ് ഷിംലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയില്‍ ഐക്യമുറപ്പിക്കാനും വിശാല താത്പര്യത്തിലുമാണ് മുഖ്യമന്ത്രി തന്റെ രാജി സ്വീകരിക്കാതിരുന്നത്. അതിനാല്‍ നിരീക്ഷകരുടെ തീരുമാനം വരുന്നതുവരെ രാജിയുമായി മുന്നോട്ടില്ല. എന്നാല്‍, രാജി പിന്‍വലിക്കുന്നതും രാജിയുമായി മുന്നോട്ടില്ലെന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിക്രമാദിത്യസിങ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

വിക്രമാദിത്യസിങ്ങിന്റെ രാജി അംഗീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേയും സംസ്ഥാന മുഖ്യമന്ത്രിയുടേയും നിലപാട്. അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സംസ്ഥാനത്ത് ചില പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ പ്രതികരണം. ഇനി തീരുമാനം എടുക്കേണ്ടത് നിരീക്ഷകരാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പ്രതികരിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും ക്രോസ് വോട്ടുചെയ്തതോടെയാണ് ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് സിംഘ്‌വി ബി.ജെ.പി. സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിക്രമാദിത്യസിങ്ങിന്റെ രാജി. എന്നാല്‍, ബജറ്റ് പാസായതോടെ പ്രതിസന്ധി താത്കാലികമായി ഒഴിഞ്ഞിരുന്നു.

Content Highlights: 'I will not press my resignation': Congress minister Vikramaditya Singh