ക്രിസ്മസ് ആഘോഷത്തിനായി സഞ്ചാരികള്‍ ഒഴുകിയെത്തി; ഹിമാചലില്‍ കനത്ത ഗതാഗതക്കുരുക്ക് | VIDEO

ഛണ്ഡീഗഢ്: ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനായി സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്. പല വരികളിലായി കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായത്.
സ്ഥിതി വിലയിരുത്താനായി ഡ്രോണ്‍ ഉപയോഗിച്ചാണ് ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലാ പോലീസ് നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ വീഡിയോ പോലീസ് എക്‌സിലൂടെ പങ്കുവെച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ അനക്കമില്ലാതെ റോഡില്‍ കിടക്കുന്നത് പോലീസ് പങ്കുവെച്ച വീഡിയോയില്‍ കാണാം.
രൂക്ഷമായ ഗതാഗതക്കുരുക്ക് മറ്റുചില പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ കിടന്ന് മടുത്ത ഒരാള്‍ തന്റെ ഥാര്‍ ചന്ദ്ര (ചെനാബ്) നദിയിലൂടെയാണ് ഓടിച്ച് പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ക്ക് പോലീസ് പിഴ ചുമത്തി. ഇനിയും ആളുകള്‍ വാഹനങ്ങളുമായി പുഴ കടക്കാനെത്തുന്നത് തടയാനായി പോലീസുകാരെ കാവല്‍ നിര്‍ത്തിയിട്ടുമുണ്ട്.
കനത്ത ഗതാഗതക്കുരുക്ക് കൊണ്ട് തന്നെ ശ്വാസം മുട്ടുന്ന റോഡില്‍ അഭ്യാസപ്രകടനങ്ങളുമായി ചിലര്‍ എത്തിയതും പോലീസിന് തലവേദനയായിട്ടുണ്ട്. രണ്ട് ഡോറുകള്‍ തുറന്നുവെച്ച് അപകടകരമായി കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പുറത്തുവന്ന ഉടന്‍ കുളു പോലീസ് കാര്‍ ഡ്രൈവര്‍ക്ക് 3500 രൂപ പിഴ ഈടാക്കി.
മണാലി-റോഹ്താങ് ദേശീയപാതയും അടല്‍ ടണലിലേക്കുള്ള റോഡുകളുമെല്ലാം കാറുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇത്രയധികം വാഹനങ്ങള്‍ക്ക് നിര്‍ത്താന്‍ ഇടമില്ലാത്തതും സാഹചര്യം വഷളാക്കി. ഹിമപാതം പോലെ ഒഴുകിയെത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനായി പ്രാദേശിക അധികൃതര്‍ പാടുപെടുകയാണ്.
ഞായറാഴ്ച ഒരു ദിവസം മാത്രം 12,000 വാഹനങ്ങളിലായി 65,000 പേരാണ് അടല്‍ ടണല്‍ വഴി കടന്നുപോയതെന്നാണ് പോലീസിന്റെ കണക്ക്. 5000-ത്തിനും 6000-ത്തിനും ഇടയില്‍ വാഹനങ്ങളാണ് ഞായറാഴ്ച മണാലിയിലേക്ക് മാത്രം പോയതെന്ന് കുളു പോലീസ് അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ച ആരംഭിച്ച ഹിമാചലില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെയാണ് ഇപ്പോള്‍. ക്രിസ്മസ്-പുതുവര്‍ഷ കാലത്ത് എല്ലാ വര്‍ഷവും ഹിമാചല്‍ പ്രദേശിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്.
Content Highlights: Heavy traffic, congestion choke roads as tourists swamp Himachal hills for Christmas.