തമിഴ്‌നാട്ടിൽ കനത്ത മഴ: 2 മരണം, നീലഗിരിയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; 33 ജില്ലകളിൽ മഴ മുന്നറിയിപ്പ്

#മാതൃഭൂമി ന്യൂസ്
Image courtesy: Mathrubhumi news screengrab
Image courtesy: Mathrubhumi news screengrab

ചെന്നൈ: തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. കാഞ്ചിപുരത്ത് ഒരു സ്ത്രീ വൈദ്യുതാഘാതമേറ്റും വിരുതുനഗറിൽ ഒരു പെൺകുട്ടി വീടിന്റെ ചുമരിടിഞ്ഞുവീണുമാണ് മരിച്ചത്.

കൊടൈക്കനാലിൽ വെള്ളിയാഴ്ച മലവെള്ളപ്പാച്ചിലുണ്ടായി. തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങി. ഇന്ന് സംസ്ഥാനത്ത് 33 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതിൽ അഞ്ചിടത്ത് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

രാവിലെ ഊട്ടി-മേട്ടുപ്പാളയം റോഡിൽ നീലഗിരിക്ക് സമീപം ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. കണ്ടക്ടറും െൈഡ്രവറും ഉൾപ്പെടെ ആറുപേർ മാത്രമായിരുന്നു ആ സമയത്ത് ബസിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാർ ആറുപേരെയും പുറത്തെടുത്തു. നിസാരമായ പരിക്കുകൾ മാത്രമാണ് ഇവർക്കുള്ളതെന്നാണ് വിവരം.

അതേസമയം, കനത്തമഴയെത്തുടർന്ന് നീലഗിരിയിലെ ആറ് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദസറ അവധിയും മറ്റും പ്രമാണിച്ച് വിനോദസഞ്ചാര സീസൺ ആണ് പ്രദേശത്ത് ഇപ്പോൾ. നിരവധിയാളുകളാണ് ഊട്ടിയിലേക്ക് വരുന്നത്. കനത്തമഴയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസംകൂടി സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. 

Content Highlights: Two casualties reported due to rain-related incidents in Kanchipuram and Virudhunagar., A transport bus narrowly escaped major damage after a landslide hit it near Nilgiri., Tourist activities in Nilgiri have been suspended and holidays declared for six taluks., Orange alerts issued across five districts out of 33 districts under rain warning.