എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് നിർണായക വിവരങ്ങൾ ചോർത്തി; മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം

#ന്യൂസ് ഡെസ്ക്
Photo:Gettyimages
Photo:Gettyimages

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ബാങ്കിന്റെ രഹസ്യ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ബാങ്കിന്റെ രഹസ്യ ബിസിനസ് തന്ത്രങ്ങളും ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കാൻ ശേഷിയുള്ള വിവരങ്ങളും ചോർത്തിയതായാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. പുറത്തായ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

ബാങ്കിലെ ചില ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്നാണ് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. വിവരച്ചോർച്ചയുടെ തോത് മനസ്സിലാക്കാനായി ആഭ്യന്തര അവലോകനം നടക്കുന്നുണ്ടെന്നും അന്വേഷണം പൂർത്തിയായശേഷം ഉദ്യോഗസ്ഥർക്കെതിരേ തക്കതായ നടപടി സ്വീകരിക്കുമെന്നും എച്ച്.ഡി.എഫ്.സി ബാങ്ക് വക്താവ് അറിയിച്ചു.

ഒക്ടോബർ 27-ന് ഐ.സി.ഐ.സി.ഐ ഗ്രൂപ്പിൽ നിന്നുള്ള അനൂപ് ബഗ്ചി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേൽക്കാനിരിക്കെയാണ് വിവരച്ചോർച്ച സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശൻ സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് അനൂപ് ബഗ്ചി ചുമതലയേൽക്കുന്നത്. ഏകദേശം 115 ബില്യൺ ഡോളർ വിപണി മൂല്യമുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വിലയിൽ ഈ വർഷം ഇതുവരെ 28 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വിവരങ്ങളുടെ ചോർച്ചയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് വിപണിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

Content Highlights: Two senior HDFC Bank officials under investigation for leaking confidential business data., Internal review is ongoing to assess if the leaked information was misused., Comes ahead of Anoop Bagchi taking charge as the new CEO on October 27, succeeding Sashidhar Jagadeesan., HDFC Bank shares have already seen a 28% decline this year, raising market concerns.