ഹർദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള 'സ്വകാര്യ കൂടിക്കാഴ്ച': ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം

#ന്യൂസ് ഡെസ്ക്
Photo: 'X' Supriya Shrinate
Photo: 'X' Supriya Shrinate

ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും അന്താരാഷ്ട്ര ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷ പാർട്ടികൾ. എപ്സ്റ്റീനുമായി ഒറ്റയ്ക്ക് സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടതെന്നുമുള്ള മന്ത്രിയുടെ മുൻ പ്രസ്താവനകളെ ചോദ്യം ചെയ്ത പ്രതിപക്ഷം, ഈ കൂടിക്കാഴ്ചയെക്കുറിച്ചും അതിലെ ചർച്ചകളെക്കുറിച്ചും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു.

മന്ത്രി എപ്സ്റ്റീനുമായി തനിച്ചിരിക്കുന്ന ചിത്രങ്ങളാണ് തങ്ങൾ പങ്കുവെച്ചതെന്നും, ഇത്തരമൊരു കൂടിക്കാഴ്ചയുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ പറ‍ഞ്ഞു. വിഷയത്തിൽ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെയും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി.

എപ്സ്റ്റീനുമായി ഒരിക്കലും ഒറ്റയ്ക്കുള്ള കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ഹർദീപ് സിങ് പുരിയുടെ വാദം തെറ്റാണെന്ന് ചിത്രങ്ങൾ തെളിയിക്കുന്നതായി സുപ്രിയ ശ്രീനാഥെ ആരോപിച്ചു. "പ്രതിനിധി സംഘത്തിന്റെ ഭാഗമായി മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് പുരി മുൻപ് പറഞ്ഞിരുന്നത്; എന്നാൽ ഈ ചിത്രങ്ങളിൽ മറ്റ് പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോ?" എന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു.

നയതന്ത്ര ചുമതലകളിൽ ഇരിക്കുമ്പോഴാണെങ്കിൽ പോലും എപ്സ്റ്റീനുമായി എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ പുരി വ്യക്തമാക്കണമെന്ന് എൻ.സി.പി (എസ്.പി) വക്താവ് അനീഷ് ഗവാണ്ടെ ആവശ്യപ്പെട്ടു. നയതന്ത്രപരമായ ആവശ്യമായിരുന്നു ഇതെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ ഇതിനെ ന്യായീകരിക്കാൻ ശ്രമിച്ചേക്കാമെന്നും എന്നാൽ ഈ ചർച്ചകളിലെ നിബന്ധനകളും ഉള്ളടക്കവും പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഹർദീപ് സിങ് പുരി നൽകിയ വിശദീകരണം വീണ്ടും ശ്രദ്ധ നേടുന്നുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൾട്ടിലാറ്ററലിസത്തിനായുള്ള ഇൻഡിപെൻഡന്റ് കമ്മീഷന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി തൊഴിൽപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് താൻ മൂന്നോ നാലോ തവണ എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു മന്ത്രി അന്ന് വ്യക്തമാക്കിയത്.

ഐ.പി.ഐയിലെ തന്‍റെ മേധാവിയായിരുന്ന ടെർജെ റോഡ്-ലാർസൻ വഴിയാണ് എപ്സ്റ്റീനെ പരിചയപ്പെട്ടതെന്നും, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡർ സ്ഥാനം രാജിവച്ച ശേഷവും 2017-ൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുൻപുമാണ് ഈ കൂടിക്കാഴ്ചകൾ നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, ഈ സംഭാഷണങ്ങൾക്ക് എപ്സ്റ്റീനെതിരെയുള്ള കുറ്റകൃത്യ ആരോപണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും തികച്ചും പ്രൊഫഷണലായ കൂടിക്കാഴ്ചകൾ മാത്രമായിരുന്നു അവയെന്നുമായിരുന്നു വിശദീകരണം.