20 വർഷം തടവ്, ഇതിനകം പുറത്തിറങ്ങിയത് 16 തവണ; റാം റഹീം സിങ്ങിന് വീണ്ടും പരോൾ

#ന്യൂസ് ഡെസ്ക്ക്
ഗുര്‍മീത് റാം റഹിം സിങ് | Photo:AFP
ഗുര്‍മീത് റാം റഹിം സിങ് | Photo:AFP

ജയ്പുർ: ബലാത്സംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും പരോൾ. 30 ദിവസത്തെ പരോളിലാണ് പുറത്തിറങ്ങിയത്. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ലഭിക്കുന്ന 16-ാമത്തെ പരോളാണിത്. ഇക്കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് 40 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2026-ൽ മാത്രം ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്.

3,193 ശിക്ഷാ ദിവസങ്ങളിൽ 406 ദിവസവും ജയിലിന് പുറത്താണ് ചെലവഴിച്ചത്. ഏകദേശം എട്ട് വർഷവും എട്ട് മാസവുമാണ് അദ്ദേഹം ഇതുവരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയത്. രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് സി.ബി.ഐ. പ്രത്യേക കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്. പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതി വധക്കേസിലും ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിലും ഇദ്ദേഹത്തിന് ശിക്ഷ ലഭിച്ചിരുന്നെങ്കിലും, പഞ്ചാബ്-ഹരിയാണ ഹൈക്കോടതി 2024-ലും 2026-ലുമായി ഈ രണ്ട് കേസുകളിൽനിന്നും അദ്ദേഹത്തെ വെറുതേ വിട്ടു.

നിലവിൽ ലഭിച്ച 30 ദിവസത്തെ പരോളോടെ, 2026-ൽ ഒരാൾക്ക് ലഭിക്കാവുന്ന പരോൾ പരിധി അദ്ദേഹം പൂർത്തിയാക്കി. ഹരിയാണ ഗുഡ് കണ്ടക്ട് പ്രിസണേഴ്‌സ് ആക്ട് (2022) പ്രകാരം ഒരു കലണ്ടർ വർഷം പരമാവധി 10 ആഴ്ചയാണ് പരോൾ അനുവദിക്കുന്നത്. ഇത് രണ്ട് തവണകളായി മാത്രമേ എടുക്കാൻ സാധിക്കൂ. ഇത്തവണത്തെ പരോൾകൂടി കഴിഞ്ഞതോടെ ഇനി ഈ വർഷം പരോൾ ലഭിക്കില്ലെങ്കിലും, നിയമപ്രകാരമുള്ള മൂന്ന് ആഴ്ചത്തെ ഫർലോ കൂടി അദ്ദേഹത്തിന് ലഭ്യമാണ്. ഫർലോ പരോൾപോലെ വിഭജിച്ചെടുക്കാൻ സാധിക്കില്ല.

പരോളും ഫർലോയും തമ്മിൽ ശിക്ഷാ കാലാവധി കണക്കാക്കുന്നതിൽ വ്യത്യാസമുണ്ട്. പരോളിൽ പുറത്തിറങ്ങുന്ന കാലയളവ് ശിക്ഷാ കാലാവധിയുടെ ഭാഗമായി കണക്കാക്കില്ല, അതിനാൽ ആ ദിവസങ്ങൾ കൂടി തടവ് അനുഭവിക്കേണ്ടി വരും. എന്നാൽ ഫർലോ കാലയളവ് ശിക്ഷാ കാലാവധിയായി തന്നെ പരിഗണിക്കും. കൂടാതെ, 2022-ലെ നിയമപ്രകാരം ശിക്ഷയുടെ മുക്കാൽ ഭാഗം പൂർത്തിയാക്കിയാൽ തടവുകാരന് നാല് ആഴ്ചത്തെ അധിക ഫർലോയ്ക്കും അർഹതയുണ്ട്. ഇതും ഒറ്റത്തവണയായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

Content Highlights: Gurmeet Ram Rahim Singh granted 30-day parole, his 16th release since 2017., This is his second parole in 2026, totaling the 10-week limit allowed under the 2022 Act., The Dera chief remains eligible for an additional three-week furlough in 2026., He was acquitted in the Ram Chander Chhatrapati murder case by the High Court in 2026., He has spent 406 days outside prison during his eight-year sentence duration.