വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ബിയര്‍ നുണഞ്ഞു, സീനിയര്‍ അഭിഭാഷകനെതിരെ നടപടിയുമായി ഹൈക്കോടതി

ഗാന്ധിനഗര്‍: വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ബിയര്‍ കുടിച്ച സീനിയര്‍ അഭിഭാഷകനെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയ നടപടിയെടുത്ത് ഗുജറാത്ത് ഹൈക്കോടതി. മുതിര്‍ന്ന അഭിഭാഷകനായ ഭാസ്‌കര്‍ തന്നയ്‌ക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിച്ചത്. ജസ്റ്റിസുമാരായ എ.എസ്. സുപേഹിയ, ആര്‍.ടി. വച്ചാനി എന്നിവരടങ്ങുന്ന ബെഞ്ചാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്.
ഭാസ്‌കര്‍ തന്നയുടെ പ്രവൃത്തി അതിരുകടന്നതാണെന്ന് പരാമര്‍ശിച്ച ബെഞ്ച് അഭിഭാഷകനെ വിര്‍ച്വലായ തങ്ങളുടെ മുന്‍പാകെ ഹാജരാകുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. ഉത്തരവ് ചീഫ് ജസ്റ്റിസിന് കൈമാറുമെന്നും ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിക്കുന്നപക്ഷം ഉത്തരവ് മറ്റു ബെഞ്ചുകളിലേക്ക് അയയ്ക്കുമെന്നും അറിയിച്ചു. ഭാസ്‌കര്‍ തന്നയ്ക്ക് നോട്ടീസയയ്ക്കാന്‍ രജിസ്ട്രിയ്ക്ക് നിര്‍ദേശം നല്‍കിയ ബെഞ്ച് തന്നയുടെ സീനിയര്‍ അഭിഭാഷകനെന്ന പദവി പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.
ജൂണ്‍ 26നാണ് സംഭവം. ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ചേംബറിലായിരുന്നു നടപടിക്കാസ്പദമായ സംഭവമുണ്ടായത്. വിചാരണയ്ക്കിടെ തന്ന ഒരു മഗില്‍നിന്ന് ബിയര്‍ കുടിയ്ക്കുന്നത് വിചാരണയില്‍ പങ്കെടുത്ത എല്ലാവരും കാണാനിടയായി. സീനിയര്‍ അഭിഭാഷകരെ മാതൃകയാക്കുന്ന ജൂനിയര്‍ അഭിഭാഷകരെ ഇത്തരം പ്രവൃത്തികള്‍ സ്വാധീനിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
Content Highlights: A senior lawyer in Gujarat HC faces contempt charges for drinking beer during a virtual hearing