അവശ്യസാധനങ്ങൾക്കും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വില കുറയും, ആഡംബര വസ്തുക്കൾക്ക് കൂടും

പ്രതീകാത്മകചിത്രം | Photo: ANI
പ്രതീകാത്മകചിത്രം | Photo: ANI

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോ​ഗത്തിൽ പുതിയ നികുതി പരിഷ്കരണം ചർച്ചയാകും. ദൈനംദിന അവശ്യസാധനങ്ങളുടെയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കുകയും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കരണം. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കൗൺസിൽ യോ​ഗം.

നിലവിലുള്ള നാല് നികുതി ഘടനയെ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ലക്ഷ്യമിടുന്നതാണ് 'പുതുതലമുറ' ജിഎസ്ടി പരിഷ്കരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. 2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ അവതരിപ്പിച്ച 12%, 28% സ്ലാബുകൾ ഇതോടെ ഇല്ലാതാകും. പുതിയ പരിഷ്കരണത്തിലൂടെ 12% സ്ലാബിലുള്ള മിക്കവാറും എല്ലാ സാധനങ്ങളും 28% നികുതിയുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങളും താഴ്ന്ന നിരക്കുകളിലേക്ക് മാറും. ഇതോടെ നിരവധി ഉൽപ്പന്നങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തൽ.

പരിഷ്കരണം നടപ്പിലായാൽ നെയ്യ്, നട്‌സ്, കുടിവെള്ളം (20 ലിറ്റർ ക്യാനുകൾ), ഗ്യാസ് ഇല്ലാത്ത പാനീയങ്ങൾ, പലഹാരങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിലവിൽ 12% നികുതിയുള്ള 99 ശതമാനത്തിലധികം സാധനങ്ങളും 5% വിഭാഗത്തിലേക്ക് മാറും. പെൻസിലുകൾ, സൈക്കിളുകൾ, കുടകൾ, ഹെയർപിന്നുകൾ തുടങ്ങിയ സാധാരണ ഗാർഹിക ഉൽപ്പന്നങ്ങളുടെ നികുതിയും 5% ആയി കുറഞ്ഞേക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 28% നികുതിയുള്ള ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ 18% സ്ലാബിന് കീഴിൽ വരും.

അതേസമയം. ഒട്ടുമിക്ക സാധനങ്ങൾക്കും നികുതി കുറയ്ക്കാൻ ഒരുങ്ങുമ്പോൾ, ആഡംബര വസ്തുക്കൾക്ക് 40% എന്ന പ്രത്യേക സ്ലാബ് ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. നിലവിൽ 28% ജിഎസ്ടിയും കോമ്പൻസേഷൻ സെസ്സും ഈടാക്കുന്ന ഉയർന്ന വിലയുള്ള കാറുകൾ, എസ്‌യുവികൾ, മറ്റ് പ്രീമിയം വാഹനങ്ങൾ എന്നിവ ഈ പുതിയ വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, സിഗരറ്റ് എന്നിവയും ഈ സ്ലാബിന് കീഴിൽ വന്നേക്കും. ഈ വിഭാഗത്തിനായി ഒരു അധിക ലെവി കൂടി പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 5% ജിഎസ്ടി വേണമെന്നാണ് മറ്റൊരു നിർദേശം. അതേസമയം, പ്രീമിയം ഇവികൾക്ക് ഉയർന്ന നികുതി ചുമത്തണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും തുടരുന്നുണ്ട്.

പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ, ഈ വലിയ നികുതിയിളവുകൾ വരുമാനത്തിലുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ നീക്കം സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാക്കുമെന്നും വ്യക്തമായ നഷ്ടപരിഹാര സംവിധാനം വേണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു. 

Content Highlights: GST Council to discuss simplifying tax slabs to 5% and 18%, impacting prices of essentialS