സോനം വാങ്ചുക്കിന്റെ വലംകൈ, വിദ്യാഭ്യാസ വിദഗ്ധ; ആരാണ് ഗീതാഞ്ജലി ആങ്മോ?

#ന്യൂസ് ഡെസ്ക്
സോനം വാങ്ചുക്കും ഗീതാഞ്ജലി ആങ്മോയും ജന്തർ മന്തറിലെ നിരാഹാര വേദിയിൽ നിന്നുള്ള ചിത്രം | PTI
സോനം വാങ്ചുക്കും ഗീതാഞ്ജലി ആങ്മോയും ജന്തർ മന്തറിലെ നിരാഹാര വേദിയിൽ നിന്നുള്ള ചിത്രം | PTI

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിലും വിദ്യാർഥി ആത്മഹത്യകളിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് ഡൽഹിയിൽ തുടരുകയാണ്. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ ഉൾപ്പെടെയുള്ളവർ മാർച്ചിന് നേതൃത്വം നൽകുന്നു. സോനം ഇപ്പോഴും നിരാഹാരത്തിലാണ്, അനാരോഗ്യം മൂലം അദ്ദേഹത്തിന് മാർച്ച് നയിക്കാനാവില്ലെങ്കിലും താൻ അത് നയിക്കുമെന്ന് കഴിഞ്ഞദിവസം സഫ്ദർജങ് ആശുപത്രിയുടെ പുറത്ത് മാധ്യമപ്രവർത്തകരെ കാണവെ ഗീതാഞ്ജലി ആങ്മോ പറഞ്ഞിരുന്നു. ജന്തർ മന്തറിലുൾപ്പടെ സോനം വാങ്ചുക്ക് പങ്കെടുത്ത എല്ലാ സമരവേദികളിലും സജീവമായി നിന്നിരുന്ന ആളാണ് ഗീതാഞ്ജലി. സിജെപി മാർച്ചിലും മുൻനിരയിലുള്ള ഗീതാഞ്ജലി ആങ്മോയുടെ പശ്ചാത്തലം എന്താണ്?

സാമൂഹിക സംരംഭകയും വിദ്യാഭ്യാസ വിദഗ്ധയുമായ ഗീതാഞ്ജലി ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ്സിന്റെ (എച്ച്‌ഐഎഎൽ) സ്ഥാപക സിഇഒ യും 2017 മുതൽ സ്ഥാപനത്തിന്റെ ഡീനുമാണ്. ഇവർ സോനം വാങ്ചുക്കിന്റെ രണ്ടാം ഭാര്യയാണെന്നാണ് റിപ്പോർട്ടുകൾ. 2009ൽ ഹീലിയോസ് ബുക്ക്‌സ് എന്ന പേരിൽ ഒരു പബ്ലിഷിങ് ഹൗസ് ആരംഭിച്ചിരുന്നു. 2020ൽ ട്രാൻസ്ഫോം ഇന്ത്യ എന്ന സംരംഭത്തിനും തുടക്കം കുറിച്ചു. 2021-22 ൽ ഇവർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഷെവെനിങ് ഫെല്ലോ ആയി പ്രവർത്തിച്ചു.

എച്ച്‌ഐഎ എല്ലിൽ ചേരുന്നതിന് മുൻപ് അവർ റിന്യൂവബിൾ എനർജി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ബിസിനസ് കൺസൾട്ടിങ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. വിൻഡ്ഫോഴ്സ് മാനേജ്മെന്റ് സർവീസിന്റെ ഡയറക്ടറായും ഓം ഹോസ്പിറ്റലിന്റെ ചെയർപേഴ്സണായും പ്രവർത്തിച്ചു. ചെന്നൈ കെ സി ഹൈസ്‌കൂളിന്റെ ഭരണച്ചുമതലയും വഹിച്ചിട്ടുണ്ട്. 

കേന്ദ്രസർക്കാരിന്റെ വിമൻ ട്രാൻസ്ഫോമിങ് ഇന്ത്യ നാഷണൽ അവാർഡ് ഗീതാഞ്ജലിക്ക് ലഭിച്ചിട്ടുണ്ട്. ഒഡിസി നൃത്തത്തിലും റഷ്യൻ ബാലെയിലും പരിശീലനം ലഭിച്ചിട്ടുള്ള അവർ വേദാന്തവും ഭഗവത് ഗീതയും പഠിപ്പിക്കുന്നുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് കൂടിയാണ് ഗീതാഞ്ജലി ആങ്‌മോ.

ലിങ്ക്ഡ്ഇൻ പ്രകാരം 2025ൽ ശ്രീ സത്യസായി യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമന് എക്സലൻസിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ അവർക്ക് ഭുവനേശ്വറിലെ സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും എംബിഎയും ബാലാസോറിലെ ഫകീർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദവുമുണ്ട്.

Content Highlights: Geetanjali Angmo is leading the CJP protest demanding the resignation of Education Minister Dharmendra Pradhan., She is the founder CEO and Dean of the Himalayan Institute of Alternatives (HIAL)., She holds a doctorate in Human Excellence (2025) and an MBA from Xavier Institute of Management., Her diverse background includes roles in renewable energy, healthcare, and business consulting., She is a recipient of the Women Transforming India National Award.