വിദേശപൗരരും വോട്ടുചെയ്തു; തമിഴ്‌നാട്ടിൽ അന്വേഷണം, 25-ഓളം പേർ വിമാനത്താവളങ്ങളിൽ പിടിയിൽ

ചെന്നൈ: വിദേശപൗരത്വമുള്ളവർ അനധികൃതമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അന്വേഷണം ഊർജിതമാക്കി. വോട്ടുചെയ്തശേഷം തിരിച്ചുപോകുമ്പോൾ വിമാനത്താവളങ്ങളിൽവെച്ച് 25-ഓളം പേർ പിടിയിലായി.
ശ്രീലങ്കൻ പൗരരും കാനഡ, യു.കെ., ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച തമിഴ്‌നാട്ടുകാരുമാണ് വ്യാജരേഖകൾ ചമച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്. രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെത്തുടർന്ന് ഇമിഗ്രേഷൻ അധികൃതർ ചെന്നൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവരിൽ ചിലർ പിടിയിലായത്.
പോളിങ് ബൂത്തിൽനിന്ന് വിരലിൽ പുരട്ടിയ മഷി കണ്ടാണ് ഇവർ വോട്ടുചെയ്തതായി സ്ഥിരീകരിച്ചതും കസ്റ്റഡിയിലെടുത്തതും.
ശ്രീലങ്കൻ പൗരരായ രജനി (59), സറഫുദ്ദീൻ (68), നിലതി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോകപ്രിയ (50), സുനിത ചക്രവർത്തി (48), യു.കെ പൗരനായ അയ്യാദുരൈ (53), ഇൻഡൊനീഷ്യൻ പൗരനായ ടിറ്റിൻ മാരിയറ്റ് (47), കാനഡ പൗരനായ ജിതേന്ദ്രനാഥ് (38) എന്നിവർ അറസ്റ്റിലായവരിൽപ്പെടുന്നു.
ഏതാനും ദിവസങ്ങളായി തുടരുന്ന പരിശോധനയിൽ മൊത്തം എത്രപേർ പിടിയിലായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരിൽ രണ്ടുപേർ പുതുച്ചേരിയിലും ബാക്കിയുള്ളവർ തമിഴ്‌നാട്ടിലെ വിവിധ മണ്ഡലങ്ങളിലുമാണ് വോട്ടുചെയ്തത്.
പ്രവാസി ഇന്ത്യക്കാർക്ക് വോട്ടുചെയ്യാമെങ്കിലും വിദേശപൗരത്വം സ്വീകരിച്ചവർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ലാത്തവർക്കും വോട്ടുചെയ്യാൻ അവകാശമില്ല. തമിഴ്‌നാട്ടിൽ കഴിഞ്ഞിരുന്ന ശ്രീലങ്കൻപൗരരും വിദേശത്ത് സ്ഥിരതാമസമാക്കി അവിടത്തെ പൗരത്വംനേടിയ തമിഴ്‌നാട്ടുകാരും തിരഞ്ഞെടുപ്പുകാലത്ത് വോട്ടുചെയ്യാനെത്തുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു.
വോട്ടർപട്ടികയിൽ പേരുള്ളവരും തിരിച്ചറിയൽ കാർഡുള്ളവരുമാണ് ഇവർ. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവേളയിൽ ഇത്തരത്തിൽപ്പെട്ട ഒട്ടേറെപ്പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കിയിരുന്നു. എന്നിട്ടും ഒട്ടേറെപ്പേർ അനധികൃതമായി വോട്ടുചെയ്തിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
വിമാനത്താവളത്തിൽവെച്ച് പിടിയിലാകുമെന്ന് ഭയന്ന് വിരലിലെ മഷി മായുംവരെ സംസ്ഥാനത്ത് തങ്ങുന്നവരുമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
Content Highlights: 25 foreign nationals arrested at airports for illegal voting in Tamil Nadu and Puducherry. Arrestees include citizens from Sri Lanka, Canada, UK, and Indonesia. Individuals used fake documents to vote despite holding foreign citizenship. Intelligence agencies confirmed the breach via indelible ink marks on fingers. Ongoing investigation into the extent of unauthorized voting in state assembly elections.