വണ്ടിയിടിച്ചു മരിക്കും മുമ്പ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു; ആരോപണവുമായി മാതാപിതാക്കൾ

നോയ്ഡ: യമുന എക്‌സ്പ്രസ്സ് ഹൈവേയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. വെള്ളിയാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം നോയിഡയില്‍ നിന്ന് മധുരയിലേക്ക് പോയതായിരുന്നു യുവതി. മധുരയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ യമുന എക്‌സ്പ്പ്രസ്സ് ഹൈവേയിലായിരുന്നു അപകടം നടന്നത്.
മധുര യാത്രയെകുറിച്ച് യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. രണ്ട് ബൈക്കുകളിലായാണ് നാല് പേരും കൂടി മധുരയിലേക്ക് പോയത്. നവ്ജില്ലില്‍ ടോള്‍പ്ലാസയില്‍ വെച്ച് ശുചിമുറിയില്‍ പോവാനായി സുഹൃത്തിനോട് വണ്ടി നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. റോഡില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. മറ്റ് രണ്ട് പേര്‍ അപകട സ്ഥലത്ത് നിന്ന് അകലെയായിരുന്നു. ഉടന്‍ തന്നെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് ഡല്‍ഹിയിലെ ജിബിടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ശനിയാഴ്ചയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിക്കൊപ്പം പോയ രണ്ട് സുഹൃത്തുക്കല്‍ അവളെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു പരാതി.
അതേസമയം പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടികളുണ്ടാവൂ. നിലവില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്.
ആരോപണ വിധേയരായ രണ്ട് യുവാക്കളും പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പ്രഥമദൃഷ്ട്യാ അപകടത്തിനുള്ള സാധ്യത മാത്രമേ കാണുന്നുള്ളൂവെന്നും പോലീസ് അറിയിച്ചു.
content highlights: family died in Yamuna express highway accident raped, says parents
Content Highlights: