എംഎൽഎ എന്നവകാശപ്പെട്ട് ഹോട്ടലിൽ താമസിച്ച് തട്ടിപ്പ്, ആൾമാറാട്ടം; ഡൽഹി സ്വദേശി അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
വിനോദ് കുമാർ, ഇയാളിൽ നിന്ന് പിടിച്ചെടുത്ത വാഹനം | Photo:X
വിനോദ് കുമാർ, ഇയാളിൽ നിന്ന് പിടിച്ചെടുത്ത വാഹനം | Photo:X

ഉത്തർപ്രദേശ്: എംഎൽഎയായി ആൾമാറാട്ടം നടത്തിയ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി സ്വദേശി വിനോദ് കുമാറാണ് ആൾമാറാട്ടം നടത്തി ആഗ്രയിലെ ഹോട്ടലിൽ 18 ദിവസം താമസിച്ചത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ഉടമ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. 

ഒക്ടോബർ 29-ന് വിനോദ് കുമാർ താൻ എംഎൽഎ ആണെന്ന് സ്വയം അവകാശപ്പെട്ട് സ്വകാര്യ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കോർപിയോയിലാണ് ഇയാൾ എത്തിയത്. ഈ വാഹനത്തിൽ ‘എംപി’ എന്നും രേഖപ്പെടുത്തിയിരുന്നു.

രണ്ടാഴ്ചയിലധികം വിനോദ് കുമാർ ഹോട്ടലിൽ താമസിച്ചിരുന്നു. എന്നാൽ, ഭക്ഷണം ഓർഡർ ചെയ്തതിന്റെ ബില്ലുകൾ അടയ്ക്കാൻ ഇയാൾ വിസമ്മതിച്ചതോടെയാണ് സംശയം ഉണ്ടായത്. ഹോട്ടലുടമ പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, പ്രതി പ്രശ്നമുണ്ടാക്കുകയും ഡിസംബർ ഒന്നുവരെ മുറി ഒഴിയില്ലെന്ന് പറയുകയും ചെയ്തു.

സിറ്റി സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ നടന്ന ഒരു പരിപാടിയിൽ ഇയാൾ എംഎൽഎയെന്ന പേരിൽ പങ്കെടുക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ താൻ ആഗ്ര എംഎൽഎയാണെന്ന തരത്തിൽ ഇയാൾ പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഹോട്ടൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇമ്രാൻ അഹമ്മദ് സ്ഥിരീകരിച്ചു. വിനോദ് കുമാർ ഡൽഹിയിലെ തുഗ്ലകാബാദിൽ താമസിക്കുന്നയാളാണെന്നും മുമ്പ് ആഗ്രയിൽ താമസിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ഡൽഹി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇയാൾ മത്സരിച്ചിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: Delhi man impersonates MP, stays 18 days at Agra hotel. Caught after suspicious behavior & unpaid bills.