സ്ത്രീയുടെ വിവാഹേതര ബന്ധം കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കോടതി

ചണ്ഡിഗഡ്: ഒരു സ്ത്രീയുടെ വിവാഹേതര ബന്ധം അവരുടെ കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാനുള്ള കാരണമല്ലെന്നും ഒരു നല്ല മാതാവല്ലെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു പുരുഷാധിപത്യ സമൂഹത്തില്‍, സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് സാധാരണമാണെന്നും ഈ ആരോപണങ്ങള്‍ പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഉന്നയിക്കപ്പെടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയന്‍ പൗരനായ ഭര്‍ത്താവില്‍ നിന്ന് നാലര വയസുള്ള മകളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
പെണ്‍കുട്ടിയുടെ കസ്റ്റഡി ഇപ്പോള്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്ന മാതാവിന് കൈമാറണമെന്ന് യുവതിയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനുപിന്ദര്‍ സിംഗ് നിര്‍ദ്ദേശിച്ചു. യുവതിക്ക് ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് അകന്ന് കഴിയുന്ന അവരുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിയിലെ ആരോപണം മാറ്റിനിര്‍ത്തിയാല്‍ കോടതിക്ക് മുന്നില്‍ മറ്റ് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് വളരെ സാധാരണമാണെന്നും കോടതി പറഞ്ഞു.
ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലാണെങ്കിലോ, അല്ലെങ്കില്‍ അങ്ങനെ കരുതിയാല്‍ പോലും അവരുടെ കുട്ടിയുടെ കസ്റ്റഡി നിഷേധിക്കാനോ അവര്‍ ഒരു നല്ല മാതാവല്ല എന്ന നിഗമനത്തിലേക്ക് എത്താനോ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. എന്നിരുന്നാലും, ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡി വിഷയം പരിഗണിക്കുന്നതിന് ഹര്‍ജിക്കാരിക്ക് എതിരായ ഈ ആരോപണങ്ങള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.
"വളര്‍ച്ചയുടെ സമയത്ത് കുട്ടിക്ക് അമ്മയുടെ സ്‌നേഹവും കരുതലും സ്‌നേഹവും ആവശ്യമാണ്. കൗമാരപ്രായത്തില്‍ അമ്മയുടെ പിന്തുണയും മാര്‍ഗനിര്‍ദേശവും അത്യന്താപേക്ഷിതമാണ്. 1956 ലെ ഹിന്ദു ന്യൂനപക്ഷ- രക്ഷാകര്‍തൃ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം അഞ്ച് വയസ്സ് വരെ കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരിയാണ് അമ്മ."- കോടതി ഉത്തരവില്‍ പറഞ്ഞു.
2013 ലാണ് വിവാഹിതയായെന്ന് യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഓസ്ട്രേലിയന്‍ പൗരനായിരുന്ന ഭര്‍ത്താവിനൊപ്പം പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയി. 2017 ജൂണില്‍ ഈ ദമ്പതികള്‍ക്ക് ഒരു മകളുണ്ടായി. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ തകര്‍ക്കങ്ങള്‍ ആരംഭിച്ചു. 2020 ജനുവരിയില്‍ അവര്‍ ഇന്ത്യയിലെത്തിയശേഷം ഭര്‍ത്താവ് മകളെ കൂട്ടിക്കൊണ്ടുപോയതായും യുവതി ഹര്‍ജിയില്‍ പറഞ്ഞു.
Content Highlights: Extra-Marital Affair No Ground To Deny Child Custody To Mother: High Court
Content Highlights: