ചിറകിൽ തീ; ചെന്നൈയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം റദ്ദാക്കി, യാത്രക്കാർ സുരക്ഷിതർ

ചെന്നൈ: വിമാനത്തിന്റെ ചിറകിൽ തീ കണ്ടതിനെ തുടർന്ന് അബുദാബിയിലേക്ക് പുറപ്പെട്ട യാത്രാവിമാനം ചൊവ്വാഴ്ച റദ്ദാക്കി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ തീപ്പിടിത്തമുണ്ടായത്. വിമാനത്തിൽ 280 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം.
വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ തീ കണ്ടത്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഉടനെ തന്നെ യാത്ര റദ്ദാക്കി. അടിയന്തര പ്രതികരണ ടീമുകളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കി. തീ ഉടൻ തന്നെ അണച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായില്ലെന്നും അധികൃതർ അറിയിച്ചു.
എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപ്പിടിത്തമുണ്ടായതിനെത്തുടർന്ന് വിമാനം റദ്ദാക്കിയതായി വിമാനത്താവള അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ചിറകിലെ തീപ്പിടിത്തത്തിൻ്റെ യഥാർഥകാരണം അറിവായിട്ടില്ല.
Content Highlights: Etihad Airways flight to Abu Dhabi cancelled at Chennai Airport., Fire detected on the left wing during taxiing/preparation., 280 passengers safely evacuated with no injuries reported., Emergency response teams controlled the situation immediately., Investigation into the cause of the fire is ongoing.