തിഞ്ഞെടുപ്പ് കമ്മീഷനെയും എസ്ഐആർ നടപടികളെയും പിന്തുണച്ച് 124 മുൻ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയെയും ശക്തമായി പിന്തുണച്ചുകൊണ്ട് 124 മുൻ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ പൗരന്മാർക്കായി തുറന്ന കത്ത് പങ്കുവെച്ചു. വോട്ടർ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ആരോപിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തും രാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് മുതിർന്ന മുൻ ഉദ്യോഗസ്ഥരുടെ ഈ ഇടപെടൽ.
രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ അനുവദിക്കണമെന്നും തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാപനത്തിന്റെ വിശ്വസനീയത തകർക്കരുതെന്നും കത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
വ്യക്തമായ തെളിവുകളില്ലാതെ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നു എന്ന് ആരോപിക്കുന്നത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെ തകർക്കുമെന്ന് മുൻ അംബാസഡർ ഭാസ്വതി മുഖർജി, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം. മദൻ ഗോപാൽ തുടങ്ങിയവർ ഒപ്പിട്ട കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ജയിക്കുമ്പോൾ സിസ്റ്റം ശരിയും തോൽക്കുമ്പോൾ അട്ടിമറിയുമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും, കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തന്നെ ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ തിരിച്ചടിയുണ്ടായതും 2024-ൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതും ഈ കമ്മീഷന്റെ കീഴിലാണെന്നും കത്തിൽ ഓർമിപ്പിക്കുന്നു.
പണ്ട് ബൂത്ത് പിടുത്തവും ബാലറ്റ് പെട്ടി മോഷണവും നടന്നിരുന്ന സ്ഥാനത്ത് ഇന്ന് എല്ലാ ബൂത്തുകളിലും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യവും, വിവിപാറ്റ് കടലാസ് രസീതുകൾ യന്ത്രത്തിലെ വോട്ടുകളുമായി ഒത്തുനോക്കുന്ന സുരക്ഷാ സംവിധാനവും നിലവിലുണ്ട്. ഈ നടപടികൾ 2024-ൽ സുപ്രീം കോടതി ശരിവെച്ചതാണെന്നും കത്തിൽ പറയുന്നു.
വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള ഭരണഘടനാപരമായ ശുദ്ധീകരണ പ്രക്രിയയാണ് എസ്ഐആർ. 2003-ന് ശേഷം ബിഹാറിൽ നടപ്പാക്കിയ എസ്ഐആറിൽ 22 ലക്ഷം മരിച്ച വോട്ടർമാരെയും 7 ലക്ഷം ഇരട്ട വോട്ടുകളെയും നീക്കം ചെയ്തപ്പോൾ, 21.5 ലക്ഷത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ കൂട്ടിച്ചേർക്കാൻ സാധിച്ചതായി മുൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
എസ്ഐആർ പ്രക്രിയ തടയാൻ സുപ്രീം കോടതി വിസമ്മതിക്കുകയും 2026 മേയ് 27-ലെ വിധിയിലൂടെ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ശരിവെക്കുകയും ചെയ്തു. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഉന്നയിക്കാനും അപ്പീൽ നൽകാനും രണ്ട് തലത്തിലുള്ള സംവിധാനങ്ങൾ ലഭ്യമാണെന്നും കരട് പട്ടികയിൽ പേരില്ലാത്തത് ശാശ്വതമായ ഒഴിവാക്കലല്ലെന്നും കത്ത് വ്യക്തമാക്കുന്നു.
വോട്ടർ പട്ടികയിൽ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും പേരുകൾ ഉണ്ടെന്ന് പൗരന്മാർ നേരിട്ട് പരിശോധിച്ചു ഉറപ്പുവരുത്തണം. വീടുവീടാന്തരം കയറിയിറങ്ങി പ്രവർത്തിക്കുന്ന അങ്കണവാടി ജീവനക്കാരും അധ്യാപകരുമടങ്ങുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ കഠിനാധ്വാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും കത്തിലൂടെ അവർ അഭ്യർത്ഥിക്കുന്നു.
Content Highlights: Former IAS and IFS officers issue open letter backing the Election Commission of India amid allegations of electoral misconduct and political disputes.