'മേയിൽ വിരമിക്കും'; പ്രിയക്കെതിരായ ഹര്‍ജി ഉടൻ കേൾക്കണമെന്ന് ജോസഫ് സ്‌കറിയ; വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ച ജോസഫ് സ്‌കറിയയുടെ വിരമിക്കല്‍ പ്രായം ഉടൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. അതിനാല്‍ ഹര്‍ജിയില്‍ അതിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്നായിരുന്നു ജോസഫ് സ്‌കറിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി കഴിഞ്ഞ കുറെ ആഴ്ചകളായി ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നു. ഇന്നും ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഈ കേസ് ഉണ്ടായിരുന്നു. എന്നാല്‍, മറ്റ് കേസുകളുടെ വാദം കേള്‍ക്കല്‍ നീണ്ടുപോയതിനാല്‍ ഈ ഹര്‍ജി പരിഗണനയ്ക്ക് എടുത്തില്ല.
തുടര്‍ന്നാണ് ജോസഫ് സ്‌കറിയയുടെ അഭിഭാഷകന്‍ അതുല്‍ ശങ്കര്‍ വിനോദ് ഉടന്‍ വാദംകേട്ടില്ലെങ്കില്‍ ഹര്‍ജി അപ്രസക്തമാകുമെന്ന് സുപ്രീം കോടതിയെ അറിയിച്ചത്. മാര്‍ച്ച് 31-ന് അധ്യയന വര്‍ഷം പൂര്‍ത്തിയാകും. അതിന് ശേഷം ക്ലാസുകള്‍ ഉണ്ടാകില്ല. ജോസഫ് സ്‌കറിയയുടെ വിരമിക്കല്‍ പ്രായം മേയ് മാസം കഴിയുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അടുത്ത ആഴ്ച കോടതി ഹോളി അവധിക്ക് അടയ്ക്കും. ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ ഈ ഹര്‍ജികള്‍ തുടരും എങ്കിലും മാര്‍ച്ച് മാസം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഇടയില്ല.
Content Highlights: dr joseph scaria demands immediate hearing of plea against priya varghese sc rejects