പോരാട്ടം ഹിന്ദിയ്ക്ക് പുറത്തേക്കും; 5 ഇന്ത്യൻ ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ധ്രുവ് റാഠി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൂടുതല്‍ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ പ്രമുഖ ഹിന്ദി സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറായ ധ്രുവ് റാഠി. ഇതിന്റെ ഭാഗമായി മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ അഞ്ച് പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ കൂടി അദ്ദേഹം യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ധ്രുവ് പുതുതായി ചാനലുകള്‍ ആരംഭിച്ചത്.
അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ 'ഇന്ത്യയില്‍ ഏകാധിപത്യ ഭരണമോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ധ്രുവ് റാഠി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ബി.ജെ.പിയെ അതിശക്തമായി വിമര്‍ശിക്കുന്ന ഈ വീഡിയോ ഇതിനകം രണ്ടേമുക്കാല്‍ കോടിയിലേറെ പേരാണ് കണ്ടത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് അദ്ദേഹം പുറത്തിറക്കിയ വീഡിയോയും വലിയതോതില്‍ സ്വീകരിക്കപ്പെട്ടു.
ഇത്തരത്തില്‍ സൈബര്‍ലോകത്ത് കൂടുതല്‍ ജനകീയമായതോടെയാണ് അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിക്കാന്‍ ധ്രുവ് തീരുമാനിച്ചത്. ധ്രുവ് ഏകാധിപത്യത്തെക്കുറിച്ച് ചെയ്ത വീഡിയോ അതാത് ഭാഷകളിലേക്ക് മൊഴിമാറ്റിയ വീഡിയോ മാത്രമാണ് നിലവില്‍ ഈ ചാനലുകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ധ്രുവ് മലയാളത്തില്‍ ഔദ്യോഗികമായി ചാനല്‍ ആരംഭിച്ചിട്ടില്ല. അതേസമയം ചില യൂട്യൂബ് ചാനലുകള്‍ സ്വതന്ത്രമായി ധ്രുവിന്റെ വീഡിയോകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കേരളത്തേക്കുറിച്ച് വ്യാജമായ വിവരങ്ങള്‍ വസ്തുതകളായി പ്രചരിപ്പിച്ച ദി കേരളാ സ്റ്റോറി എന്ന പ്രൊപ്പഗണ്ടാ സിനിമയിലെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്ന വീഡിയോയിലൂടെയാണ് മലയാളികള്‍ക്ക് ധ്രുവ് റാഠിയെ കൂടുതല്‍ പരിചയം. 'കേരളാ സ്റ്റോറിയ്ക്കുപിന്നിലെ യാഥാര്‍ഥ്യം' എന്ന തലക്കെട്ടില്‍ ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബില്‍ രണ്ടുകോടിയിലേറെ പേരാണ് ഇതുവരെ കണ്ടത്. ധ്രുവ് റാഠിയുടെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവിൽ 1.75 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.
ഹരിയാണ സ്വദേശിയായ ധ്രുവ് റാഠി ജര്‍മ്മനിയിലാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യാത്രാ വ്ളോഗുകളിലൂടെയാണ് ധ്രുവിന്റെ യൂട്യൂബ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ വീഡിയോകളുടെ ശൈലി ധ്രുവ് മാറ്റുകയായിരുന്നു. കാലികപ്രസക്തമായ പലവിഷയങ്ങളും ധ്രുവ് തന്റെ എക്സ്പ്ലൈനര്‍ വീഡിയോകളിലൂടെ കാഴ്ചക്കാരിലേക്ക് എത്തിച്ചു. ഏത് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Dhruv Rathee launches youtube channels 5 regional Indian languages including 3 southern languages