ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരേ പോരാടി നേതാവായി; അതേ ചോദ്യചോർച്ചയിൽ ഉലഞ്ഞ് പ്രധാന്റെ മന്ത്രിസ്ഥാനം

#സ്വന്തം ലേഖകൻ
ധര്‍മ്മേന്ദ്ര പ്രധാന്‍| PTI
ധര്‍മ്മേന്ദ്ര പ്രധാന്‍| PTI

ന്യൂഡൽഹി: ചരിത്രം ചിലരുടെ ജീവിതത്തിൽ ചില യാദൃച്ഛികതകൾ കരുതിവയ്ക്കും. മൂന്നുപതിറ്റാണ്ടുമുൻപ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരേ തെരുവിൽ പോലീസിന്റെ ലത്തിച്ചാർജും എല്ലുപൊട്ടുന്ന മർദനവും ഏറ്റുവാങ്ങിയ ഒരു എ.ബി.വി.പി. വിദ്യാർഥി, ഇന്ന് അതേ പ്രശ്‌നത്തിന്റെ പേരിൽ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വിചാരണ നേരിടുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെയാണ് തന്റെ വിദ്യാർഥി പ്രക്ഷോഭ കാലഘട്ടത്തിന്റെ ഓർമകൾ ഇന്ന് തിരിഞ്ഞുകൊത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

1997-ൽ ഒഡിഷയിൽ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർന്നപ്പോൾ, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥികളെ അണിനിരത്തി സമരം നയിച്ച എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു ധർമേന്ദ്ര പ്രധാൻ. അന്ന് ആ പ്രതിഷേധത്തിനുനേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയും ധർമേന്ദ്ര പ്രധാന്റെ എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തു. അന്ന് നടത്തിയ ആ പോരാട്ടം പിന്നീട് ഒഡിഷയിൽ ബി.ജെ.പി.ക്ക് സംഘടനാപരമായ അടിത്തറയുണ്ടാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. ധർമേന്ദ്ര പ്രധാനെ ബി.ജെ.പി. നേതൃത്വത്തിലേക്കെത്തിക്കുന്നതിലും ആ പോരാട്ടം മുഖ്യപങ്കുവഹിച്ചു.

ഇന്ന്, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടിലും രാജ്യംമുഴുവൻ പ്രതിഷേധമുയരുമ്പോൾ, വിചാരണക്കൂട്ടിൽ നിൽക്കുന്നത് അതേ ധർമേന്ദ്ര പ്രധാൻതന്നെയാണെന്നതാണ് കൗതുകകരമായ കാര്യം. അന്ന് ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിന്റെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർഥി നേതാവ്, ഇന്ന് നിരന്തരം ചോദ്യപേപ്പറുകൾ ചോരുമ്പോഴും രാജിവയ്ക്കാൻ തയ്യാറാവാതെ മന്ത്രിസഭയിൽ കടിച്ചുതൂങ്ങുന്നു എന്നതാണ് ഉയരുന്ന വിമർശനം. അതല്ല, വീഴ്ച സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ ബി.ജെ.പി. സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ, രാജിയാവശ്യത്തിൽനിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്നതാണ് സി.ജെ.പി. കൈക്കൊണ്ടിരിക്കുന്ന നിലപാട്.

എന്നാൽ, കഴിഞ്ഞദിവസം മുതൽ പ്രക്ഷോഭകരെ അനുകൂലിക്കുന്നവരെ സംബന്ധിച്ച് ആശാവഹമായ ചില കാര്യങ്ങളുുണ്ട്. രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്‌സ്ബുക്ക് ലൈവിടുന്നു, ചോർച്ച നടത്തിയവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു... പിന്നാലെ കേന്ദ്രമന്ത്രിമാർ സി.ജെ.പി. വക്താക്കളുമായി സംസാരിക്കുന്നു, അവരുടെ മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ പരിഹാരം ഉറപ്പുനൽകുന്നു, രാജിക്കാര്യത്തിൽ മാത്രം നാളെവരെ സമയം ചോദിക്കുന്നു… ഒരുപക്ഷേ, കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ ഒരു പ്രതിഷേധ സമരത്തിനോട് കേന്ദ്രസർക്കാർ ഇത്രയും ഉദാരസമീപനം സ്വീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. 

പ്രധാന്റെ രാജി, മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, എഫ്.ഐ.ആറുകൾ പിൻവലിക്കൽ എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിങ്ങിനും മുന്നിൽവെച്ചത്. രാജിയൊഴികെ മറ്റു രണ്ടാവശ്യങ്ങളും പരിഗണിക്കാമെന്നാണ് കേന്ദ്രം അതേ ചർച്ചയിൽ ഉറപ്പുനൽകിയത്. അതിനിടെ പ്രധാൻ രാജിവയ്ക്കില്ലെന്നും അങ്ങനെ ചെയ്യുന്നപക്ഷം, അത് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമാവുമെന്നും കേന്ദ്രം നിലപാടെടുത്തതായുള്ള റിപ്പോർട്ടുകളുമുണ്ട്.

നാളെ ഉച്ചയോടെ സർക്കാർ പ്രഖ്യാപിക്കാൻ പോകുന്നത് എന്ത് തീരുമാനമായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അത് വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാന്റെ പടിയിറക്കം ആയിരിക്കുമോ എന്നതാണ് നിർണായകം. അങ്ങനെയല്ലെങ്കിൽ തുടർന്നും തീക്ഷ്ണമായ സമരവേലിയേറ്റങ്ങൾക്കാകും രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുക എന്നാണ് പ്രക്ഷോഭകർ നൽകുന്ന മുന്നറിയിപ്പ്.