റിലയൻസ് എക്സിക്യൂട്ടീവ് ധൻരാജ് നത്വാണി സമാജ്‌വാദി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥി

ലക്നൗ: റിലയൻസിന്റെ പ്രധാന ബിസിനസുകളും ഇൻഫ്രാസ്ട്രക്ചർ പദ്ധതികളും നിയന്ത്രിക്കുന്നതിനൊപ്പം ഗുജറാത്തിന്റെ ക്രിക്കറ്റ് ഭരണരംഗത്തും സജീവമായ ധൻരാജ് പരിമൾ നത്വാണി രാഷ്ട്രീയത്തിലേക്ക്. കോർപ്പറേറ്റ് ലോകത്തും കായികരംഗത്തും നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ധൻരാജിനെ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി സമാജ്‌വാദി പാർട്ടി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
റിലയൻസിലെ മുതിർന്ന എക്സിക്യൂട്ടീവും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ (ജി.സി.എ.) പ്രസിഡന്റുമായ ധൻരാജ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് ലക്നൗവിൽ പത്രിക സമർപ്പിച്ചത്. പാർട്ടി നേതാവ് റാം ഗോപാൽ യാദവിനൊപ്പമാണ് ധൻരാജിനെയും രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ധൻരാജിന്റെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടറുമായ പരിമൾ നത്വാണി, എൻ.ഡി.എ.യുടെ പിന്തുണയോടെ കഴിഞ്ഞ ജൂണിൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകനായ ധൻരാജ് സമാജ്‌വാദി പാർട്ടിയിലൂടെയാണ് ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ ബിസിനസുകളുടെ ചുമതലകൾ ധൻരാജ് കൈകാര്യം ചെയ്യുന്നുണ്ട്. ജാംനഗറിലെ മാനുഫാക്ചറിങ് ഡിവിഷനുകളുടെ മേൽനോട്ടം വഹിക്കുന്നതോടൊപ്പം ഗുജറാത്തിലെ റിലയൻസ് ജിയോയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലകളും അദ്ദേഹം നിർവഹിക്കുന്നു. റിലയൻസ് കോർപ്പറേറ്റ് ഐ.ടി. പാർക്ക് ലിമിറ്റഡിന്റെ ബോർഡ് അംഗം കൂടിയായ അദ്ദേഹം, ഗ്രൂപ്പിന്റെ എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇ.പി.സി.) വിഭാഗത്തിന്റെ തലവനുമാണ്.
കായിക ഭരണരംഗത്തും പ്രമുഖനാണ് ധൻരാജ് നത്വാണി. അമിത് ഷായുടെ പിൻഗാമിയായി 2022-ലാണ് അദ്ദേഹം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ചുമതലയേറ്റത്. ഗുജറാത്തിലെ ഫുട്ബോൾ ഭരണരംഗവുമായും അദ്ദേഹം സഹകരിക്കുന്നുണ്ട്.