BJP - JDS സഖ്യം: 'CPM പിന്തുണയുണ്ടെന്ന് പറഞ്ഞിട്ടില്ല'; പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ദേവഗൗഡ

ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചു എന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. ബി.ജെ.പി. -ജെ.ഡി.എസ്. സഖ്യത്തിന് സി.പി.എം. പിന്തുണയുണ്ടെന്ന് പറഞ്ഞിട്ടില്ല. കേരള ഘടകം സി.പി.എമ്മിന് ഒപ്പം നിൽക്കുന്നെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ കൂടി വിശദീകരിച്ചു.
സിപിഎമ്മിനെതിരായ പ്രസ്താവനയിൽ ചില ആശയക്കുഴപ്പങ്ങൾ സംഭവിച്ചു. എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഞാൻ പറഞ്ഞതോ അല്ലെങ്കിൽ സാഹചര്യമോ അല്ല മനസ്സിലാക്കിയത്. ബിജെപി - ജെ.ഡി.എസ്. സഖ്യത്തെ സി.പി.എം. പിന്തുണച്ചു എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപിയുമായുള്ള സഖ്യത്തിന് ശേഷം കർണാടകയ്ക്ക് പുറത്തുള്ള ഘടകങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേരളത്തിൽ എന്റെ പാർട്ടി എൽഡിഎഫ് സർക്കാരിനൊപ്പം ഒന്നിച്ച് പോവുകയാണെന്ന് മാത്രമാണ് പറഞ്ഞത്- ദേവഗൗഡ പറഞ്ഞു.
താൻ പറഞ്ഞതിൽ സിപിഎം നേതാക്കൾ വ്യക്തത തേടേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘‘കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എം.എൽ.എ. അവിടെ മന്ത്രിയാണ്. ബി.ജെ.പി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്’’ എന്നായിരുന്നു ദേവഗൗഡ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവവിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും ദേവഗൗഡയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനിറങ്ങിയ കോണ്‍ഗ്രസ്സിന്റേത് തരാതരംപോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദേവഗൗഡ വിശദീകരണവുമായി രംഗത്തെത്തിയത്.
Content Highlights: Deve Gowda backtracks I never said CPM in Kerala support BJP JDS alliance