‘തിരംഗാ മാർച്ച് നടത്തരുത്’; അഭിജീത് ദിപ്കെയുടെ താമസസ്ഥലത്തെത്തി ഡൽഹി പോലീസ്, നോട്ടീസ് നൽകി

ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് സിജെപിയുടെ തിരംഗാ മാർച്ച് നടക്കാനിരിക്കെ പാർട്ടി നേതാവ് അഭിജീത് ദിപ്കെയുടെ താമസസ്ഥലത്ത് ഡൽഹി പോലീസ് എത്തി. ഡൽഹിയിൽ എൻസിപി-എസ്പി വക്താവ് അനീഷ് ഗവാൻഡെയുെടെ ഝണ്ടേവാലനിലെ വസതിയിലാണ് അഭിജീത്തിന്റെ താമസം.
വസതിയിലെത്തിയ പോലീസ്, ബിഎൻഎസ്എസിലെ 163-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അറിയിക്കുകയും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ തിരംഗാ മാർച്ച് നടത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള നോട്ടീസ് അഭിജീത്തിന് കൈമാറി. നിയമവിരുദ്ധമായി കൂട്ടം ചേരരുതെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
പോലീസ് സംഘം അഭിജീത്തിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ സിജെപി പങ്കുവെച്ചിട്ടുമുണ്ട്.
കൊണാട്ട് പ്ലേസിൽ ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് ‘ലെഹ്രാ ദോ തിരംഗ’ എന്ന പേരിൽ സിജെപി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയപതാകയുമായി ആളുകളോട് സെൻട്രൽ പാർക്കിലേക്ക് വരാനാണ് അഭ്യർഥിച്ചിട്ടുള്ളത്. എസ്ഐആർ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് ഇന്നത്തെ മാർച്ച്.
Content Highlights: Delhi Police served a notice to CJP leader Abhijeet Dipke at his residence., Authorities banned the scheduled Tiranga March at Connaught Place., Prohibitory orders under BNSS Section 163 have been imposed in Delhi., CJP shared visuals of the police visit on Instagram.