മുൻനിര നേതാക്കളെല്ലാം കസ്റ്റഡിയിൽ; സമരത്തിന്റെ ഭാവിയെന്ത്? പ്രക്ഷോഭം പടരുമോ?

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ ഡൽഹി പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുകയോ കസ്റ്റഡിയിലെടുത്തിരിക്കുകയോ ആണ്. സമരം പ്രഖ്യാപിച്ച സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെയെ ഡൽഹിയിൽ ഇറങ്ങാൻപോലും സമ്മതിക്കാതെ വിമാനത്തിൽവെച്ച് കസ്റ്റഡിയിലെടുത്തു. സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമരത്തിൽ പങ്കുകൊണ്ട് പിന്തുണയ്ക്കാനെത്തിയ പ്രശസ്ത യുറ്റിയൂബർ ധ്രുവ് റാഠിയെ രാവിലെ ഏഴേമുക്കാലോടെത്തന്നെ അറസ്റ്റുചെയ്തിരുന്നു. രാവിലെ അമ്മ വാതിൽ തുറന്നതോടെ പുറത്ത് നിലയുറപ്പിച്ച പോലീസ് സംഘം അകത്തുകയറുകയും റാഠിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള സി.പി.എമ്മിന്റെ പല പ്രമുഖരെയും കസ്റ്റഡിയിലെടുത്തു.
കൂടാതെ സമരത്തിനായി ഡൽഹിയിലെത്തിയവർ, എസ്.എഫ്.ഐ., എ.ഐ.എസ്.എ. നേതാക്കൾ ഉൾപ്പെടെയുള്ളവരും പോലീസ് കസ്റ്റഡിയിലാണ്. സമരത്തിന് ഡൽഹി പോലീസ് ഔദ്യോഗിക അനുമതി നിഷേധിച്ചിട്ടുള്ളതിനാലാണ് നടപടി. ഇതോടെ സമരത്തിന്റെ മുന്നോട്ടുപോക്ക് എങ്ങനെ ആയിരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. ഒന്നാംനിര നേതാക്കളെയെല്ലാംതന്നെ ആദ്യമേ അറസ്റ്റുചെയ്തുകൊണ്ട് ഡൽഹി പോലീസ് ഉദ്ദേശിക്കുന്നത് ഈ സമരത്തെ മുളയിലേ നുള്ളുക എന്നതാണ്.
ജന്തർ മന്ദർ എന്ന ലക്ഷ്യത്തിലേക്ക് ബാരിക്കേഡുകൾ മറികടന്നെത്തുക അസാധ്യം എന്നുതന്നെ പറയാമെങ്കിലും ഡൽഹിയിലെ തെരുവുകളിലൂടെ ഈ സമരം മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളെവിടെയാണോ എത്തുന്നത് അവിടെയാണ് ജന്തർ മന്ദർ എന്ന് കഴിഞ്ഞദിവസം എ.എ. റഹിം എം.പി. പ്രഖ്യാപിച്ചത് ഈ സൂചനയാണ് നൽകുന്നത്. അതിനാൽത്തന്നെ കസ്റ്റഡിയിലെടുത്തവർ കസ്റ്റഡിയിൽവെച്ചും അല്ലാത്തവർ അവർ നിൽക്കുന്നിടത്തുവെച്ചും ഈ സമരം തുടർന്നുകൊണ്ടുപോവാനാണ് സാധ്യത.
താൻ കസ്റ്റഡിയിലായാലും സമരം അവസാനിക്കരുതെന്നാണ് അഭിജിത് ദീപ്കെ അണികൾക്ക് നൽകിയ നിർദേശം. സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടം അറസ്റ്റുകൾ കൊണ്ട് അവസാനിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ രണ്ടാംനിര നേതാക്കളുടെ നേതൃത്വത്തിൽ സമരം തുടരാനാണ് സാധ്യത. ഡൽഹിയെ ഈ വിധം അനിശ്ചിതകാലത്തേക്ക് പൂട്ടിയിടാനാവില്ല എന്നത് ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
അതിനിടെ, സമാധാനപരമായ പ്രതിഷേധത്തിനെത്തിയവരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനും അതതു സംഘടനകളും പാർട്ടികളും ഒരുങ്ങിയേക്കും. മുൻപ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരംപോലെ, ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ തന്നെയും മറ്റു പ്രവിശ്യകളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ഡൽഹിയെ അടച്ചുപൂട്ടിയതുപോലെ രാജ്യത്തെ എല്ലാ നഗരങ്ങളെയും അടച്ചുപൂട്ടുക എന്നത് അസാധ്യമായതിനാൽ വരുംദിവസങ്ങളിൽ ഇത് രാജ്യവ്യാപകമായ പ്രക്ഷോഭമായി ഉയരാനാണ് സാധ്യത.
കൂടാതെ ഡിജിറ്റൽ അടച്ചുപൂട്ടലിനും പരിധിയുണ്ട്. ബാങ്കിങ്, ഐ.ടി. മേഖല, ഓൺലൈൻ ഡെലിവറികൾ, വർക്ക് ഫ്രം ഹോം ജീവനക്കാർ എന്നിവരെയെല്ലാം ഇത് നേരിട്ട് ബാധിക്കും. ഡൽഹി കേവലമൊരു സംസ്ഥാനമെന്നതിലുപരി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമാണ്. വിദേശ എംബസികൾ, പാർലമെന്റ്, രാഷ്ട്രപതി ഭവൻ തുടങ്ങിയവയെല്ലാം നിലനിൽക്കുന്ന നഗരത്തിൽ, ഭീതിയുടെ ഒരന്തരീക്ഷം ദീർഘകാലം നിലനിർത്തുന്നത് ഒട്ടും ആശാവഹമല്ല. ആഗോളതലത്തിൽതന്നെ രാജ്യത്തിന്റെ പ്രതിച്ഛായയെ ഇതു ബാധിക്കും.