ആറ് മുറിക്ക് അനുമതി നൽകിയ ഇടത്ത് പ്രവർത്തിപ്പിച്ചത് 25 മുറികൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ഡൽഹിയിലെ ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ തീപിടുത്തം | Photo: AP
ഡൽഹിയിലെ ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ തീപിടുത്തം | Photo: AP

ന്യൂഡൽഹി: 21 പേരുടെ ജീവനെടുത്ത ഡൽഹിയിലെ ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ ബാധിതരായവരിൽ ഭൂരിഭാഗവും വിദേശികളാണെന്ന് റിപ്പോർട്ട്. ദേശീയ തലസ്ഥാനത്ത് ചികിത്സയ്ക്കായി എത്തിയ വിദേശികൾ ഉൾപ്പെടെ 40-ൽ അധികം അതിഥികൾ ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം.

തെക്കൻ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ അടുത്തായതിനാലാണ് ചികിത്സയ്ക്കായി എത്തിയ പല വിദേശികളും ഈ ഹോട്ടൽ തിരഞ്ഞെടുത്തത്. മെഡിക്കൽ വിസയിൽ എത്തിയ ഇവർക്ക് ഡൽഹിയിലെ ഈ ഹോട്ടൽ സുരക്ഷിതമായ ഒരു ഇടമാകുമെന്ന് അവർ കരുതിയിരുന്നിരിക്കാം. എന്നാൽ, നിയമങ്ങൾ കാറ്റിൽ പറത്തി ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള സ്ഥലത്ത് ഇരുപത്തഞ്ചോളം മുറികളാണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നത് ദുരന്തത്തിന്റെ തീവ്രത ഉയർത്തി. ബേസ്‌മെന്റിൽ വരെ മുറികൾ ഒരുക്കി ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ച ഹോട്ടൽ അധികൃതരുടെ അനാസ്ഥയാണ് മരണസംഖ്യ ഉയരാൻ കാരണമെന്നാണ് വിമർശനം.

അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ കഥകൾ കണ്ണീരണിയിക്കുന്നതാണ്. രാവിലെ എട്ടരയോടെ ആരംഭിച്ച തീപ്പിടിത്തം നിമിഷങ്ങൾക്കുള്ളിൽ കെട്ടിടത്തെ ഒരു മരണക്കെണിയായി മാറ്റി. രോഗികളും അവരുടെ കൂടെയുള്ളവരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്. ഹോട്ടലിന്റെ ബേസ്‌മെന്റിലെ റെസ്റ്ററന്റിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹോട്ടലിലെ റെസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്യുന്ന കേസരി സിങിന്റെ അനുഭവം ആ നടുക്കുന്ന നിമിഷങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു. രാവിലെ ഏകദേശം എട്ട് മണിയോടെ ഒരു ഇലക്ട്രിക് സ്റ്റൗ ഓണാക്കാൻ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിതമായി തീജ്വാലകൾ ഉയർന്നത്. ഹോട്ടൽ ഇതിനകം തന്നെ അഗ്നിക്കിരയായിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ സഹായിയെ വിവരമറിയിച്ച് കഷ്ടിച്ചാണ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്. പുറത്തെത്തിയപ്പോഴേക്കും ഹോട്ടൽ മുഴുവൻ പുകയിൽ മൂടിയിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

കെട്ടിടത്തിന് ഒരേയൊരു പ്രവേശന-പുറത്തുകടക്കൽ കവാടം മാത്രമുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തെ അങ്ങേയറ്റം സങ്കീർണ്ണമാക്കി. ഉള്ളിൽ കുടുങ്ങിയവർ ജീവനായി നിലവിളിക്കുമ്പോൾ, മറ്റൊരു വഴിയുമില്ലാതെ പലരും മുകളിലത്തെ നിലകളിൽനിന്ന് താഴേക്ക് ചാടാൻ തീരുമാനിച്ചു. കത്തുന്ന കെട്ടിടത്തിൽനിന്ന് സ്ത്രീകൾ അടക്കമുള്ളവർ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ നടുക്കുന്നതായിരുന്നു. ഗ്ലാസുകൾ തകർത്ത് താഴേക്ക് ചാടിയവരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുങ്ങിയ ഇടവഴികളിലൂടെ അഗ്നിശമന സേനാംഗങ്ങൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചു.

ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തിയ സമയോചിതമായ ഇടപ്പെടൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. കത്തിയെരിയുന്ന കെട്ടിടത്തിൽനിന്ന് ആളുകൾ താഴേക്ക് ചാടുന്നത് കണ്ടപ്പോൾ വീടുകളിൽനിന്ന് മെത്തകൾ വേഗത്തിൽ എത്തിച്ച് റോഡിൽ വിരിച്ച് അവർ താഴേക്ക് ചാടിയവരെ രക്ഷപ്പെടുത്തി. ഈ കരുതൽ ഒന്നുകൊണ്ടുമാത്രമാണ് പലരും മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരികെ നടന്നത്.

ആവശ്യമായ അനുമതികൾ ഹോട്ടലിന് ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ദുരന്തത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Content Highlights: At least 21 people died in a massive fire at Flourish Stay hotel in Delhi's Hauz Rani.