ഷഹീനെ ഷക്കീലുമായി അടുപ്പിച്ചത് കരിയറും വിദേശമോഹവും; പ്രണയം എത്തിച്ചത് ഭീകരവാദത്തിൽ

#ന്യൂസ് ഡെസ്ക്
ഷഹീൻ സയീദും മുസമ്മില്‍ ഷക്കീലും | Photo : X / @What__Trending
ഷഹീൻ സയീദും മുസമ്മില്‍ ഷക്കീലും | Photo : X / @What__Trending

ന്യൂഡൽഹി: രണ്ട് വിവാഹം, രണ്ടും പരാജയം. ശേഷം പുതിയ പ്രണയവും വിവാഹവും ആ ബന്ധത്തിലൂടെ ഭീകരവാദത്തിലേക്കുള്ള വീഴ്ച. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നവംബർ പത്തിന് നടന്ന സ്ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ 46-കാരി ഷഹീൻ സയീദിന്റെ കഥയിങ്ങനെ. സ്ഫോടനത്തെത്തുടർന്ന് അറസ്റ്റിലായ ഷഹീൻ സയീദും മുസമ്മിൽ ഷക്കീലും (ഇരുവരും ഡോക്ടർമാർ, ഇവരുടെ ലൈസൻസ് പിന്നീട് റദ്ദാക്കിയിരുന്നു) 2023 സെപ്റ്റംബറിൽ വിവാഹിതരായി. ഈ ബന്ധമാണ് ഷഹീൻ സയീദിനെ ഭീകരവാദത്തിന്റെ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പുതിയ സൂചനകൾ.

ലഖ്‌നൗവിലെ ദലിഗഞ്ച് സ്വദേശിയായ ഷഹീൻ പഠനത്തിൽ മിടുക്കിയായിരുന്നു. അലഹബാദിൽ നിന്ന് മെഡിസിൻ ബിരുദം നേടിയ ശേഷം ഫാർമക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്തു. ഷഹീന്റെ പിതാവ് സയ്യിദ് അഹമ്മദ് അൻസാരി ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. കുടുംബാംഗങ്ങൾ വിദ്യാസമ്പന്നരും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നവരുമാണ്. 2003-ൽ നേത്രരോഗവിദഗ്ദ്ധനായ ഡോ. സഫർ ഹയാത്തുമായി ഷഹീന്റെ വിവാഹം നടന്നു. എന്നാൽ, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2012 അവസാനത്തോടെ ഇവർ വിവാഹമോചിതരായി. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

വിവാഹമോചനത്തിലേക്ക് നയിച്ചതെന്താണെന്ന് അറിയില്ലെന്നും തങ്ങൾക്കിടയിൽ ഒരിക്കലും വഴക്കോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഡോ. സഫർ ഹയാത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷഹീൻ സ്നേഹവും കരുതലുമുള്ള വ്യക്തിയായിരുന്നുവെന്നും അവർക്ക് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹസമയത്തല്ലാതെ ഷഹീൻ ഒരിക്കലും ബുർഖ ധരിച്ചിട്ടില്ലെന്നും ഡോ. സഫർ ഹയാത്ത് പറഞ്ഞു. തൊഴിൽപരമായ സമ്മർദം, കരിയർ, വിദേശത്തേക്ക് പോകാനുള്ള ഷഹീന്റെ ആഗ്രഹം എന്നിവയാണ് വിവാഹമോചനത്തിന് കാരണങ്ങളെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

വിവാഹമോചനത്തിനുശേഷം ഷഹീൻ വിഷാദത്തിലേക്ക് നീങ്ങിയെന്നാണ് സൂചന. താൻ പഠിപ്പിച്ചിരുന്ന ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ ഒരു അറിയിപ്പും കൂടാതെ വരാതാവുകയും ചെയ്തു. എട്ട് വർഷത്തോളം ഷഹീനുമായി ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും 2021-ൽ അവരുടെ ജോലി റദ്ദാക്കിയെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. തുടർന്ന് ഗാസിയാബാദിൽ തുണി വ്യാപാരം നടത്തുന്ന ഒരാളെ അവർ വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹവും അധികകാലം നീണ്ടുനിന്നില്ല.

ഹരിയാണയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ സയീദിന്റെ ജൂനിയറായിരുന്ന കശ്മീരി ഡോക്ടർ മുസമ്മിൽ ഷക്കീൽ പതിയെ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ദിവസേനയുള്ള കൂടിക്കാഴ്ചകളും കോളേജിലെ ഒരുമിച്ചുള്ള ജോലിയും ഒരേ തൊഴിൽ മേഖലയായതും അവരുടെ ബന്ധം ദൃഢമാക്കി. ചോദ്യം ചെയ്യലിൽ, 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ഒരു പള്ളിയിൽ വെച്ച് ഇരുവരും വിവാഹിതരായതായി മുസമ്മിൽ ഷക്കീൽ വെളിപ്പെടുത്തി.

ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെ ഷഹീൻ വിദ്യാർഥിഗ്രൂപ്പുകളുമായി പരിചയത്തിലാകുകയും മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തു. ഈ കൂടിക്കാഴ്ചകൾക്കിടയിൽ, ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്തിലെ അംഗങ്ങൾ ഷഹീനെ സമീപിച്ചു. അന്വേഷണ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് ഇവർ ഷഹീന് ഭീകരവാദ പ്രത്യയശാസ്ത്രത്തിൽ പരിശീലനം നൽകാൻ തുടങ്ങി.

ഡോക്ടർ എന്ന മേൽവിലാസം ഉപയോഗിച്ച് ഷഹീൻ ജമ്മു കശ്മീർ, ഡൽഹി-എൻസിആർ, ഹരിയാണ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു, പണം കൈമാറാനും സന്ദേശങ്ങൾ എത്തിക്കാനും സഹായിക്കുകയും ചെയ്തു. ജെഇഎം സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നേതൃത്വം നൽകുന്ന ജമാഅത്ത് ഉൽ-മോമിനാത്തിന്റെ ഇന്ത്യൻ ഘടകത്തിന്റെ ചുമതല സയീദിന് നൽകിയതായും സൂചനയുണ്ട്. അഞ്ച് ഡോക്ടർമാരുടെ ഒരു സംഘം രൂപവത്കരിക്കുന്നതിന്റെ ചുമതല ഷഹീനായിരുന്നുവെന്നും പറയപ്പെടുന്നു.

Content Highlights: Delhi Terror-Accused Doctors' Love Story And Slow Descent Into Terrorism