ദീപാവലി ആഘോഷം: ഡൽഹിയിലെ വായു ഗുണനിലവാരം ‘വളരെമോശം’ വിഭാഗത്തിൽനിന്ന് ‘ഗുരുതര’ത്തിലേക്ക്

#ന്യൂസ് ഡെസ്‌ക്
Photo: ANI
Photo: ANI

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും. ഞായറാഴ്ച വളരെ മോശം എന്ന നിലയിലായിരുന്നു രാജ്യതലസ്ഥാനത്തെ വായുമലിനീകരണ നിരക്ക്. എന്നാൽ, വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾ മലിനീകരണത്തോത് വർധിപ്പിച്ചേക്കും. 376 ആയിരുന്നു ഇന്നത്തെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ). നഗരത്തിനുമീതേ കനത്തപുകമഞ്ഞ് രൂപപ്പെടുകയും ദൃശ്യതയിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്തിരുന്നു.

ഇന്നത്തെ ദീപാവലി ആഘോഷം, വാഹനങ്ങളിൽനിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവ തിങ്കളാഴ്ചത്തെ വായുമലിനീകരണത്തോതിനെ ‘വളരെ മോശം’ എന്ന നിലയിൽനിന്ന് ‘ഗുരുതരം’ എന്ന നിലയിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 59 നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം, പന്ത്രണ്ടിടത്ത് വായുമലിനീകരണത്തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിലായിരുന്നു. 22 സ്ഥലത്ത് ഇത് ‘വളരെ മോശം’ എന്ന നിലയിലുമായിരുന്നു. ഏറ്റവും ഉയർന്ന എക്യുഐ കണ്ടെത്തിയത് ജഹാംഗിർപുരിയിലായിരുന്നു- 463.

ശനിയാഴ്ചത്തെ 369 എന്നതിൽനിന്നാണ് ഞായറാഴ്ച എക്യുഐ 376-ൽ എത്തിയത്. ഇത് നാനൂറ് കടക്കുന്നതോടെ ഗുരുതരം എന്ന നിലയിലാകും. തിങ്കളാഴ്ച മുതൽ കുറച്ചുദിവസത്തേക്ക് ഡൽഹിയിലെ വായുമലിനീകരണത്തോത് ഗുരുതരം എന്ന വിഭാഗത്തിൽതന്നെ തുടരാനാണ് സാധ്യതയെന്ന് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റം (ഇഡബ്ല്യൂഎസ്) വ്യക്തമാക്കുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് അനുസരിച്ച് 0-50 എക്യുഐ നല്ലത് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 51-100 തൃപ്തികരം. 101-200 ശരാശരി. 201-200 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ്.

Content Highlights: Delhi's AQI reached 376 (very poor category) on Sunday before Diwali celebrations., Diwali celebrations, vehicular emissions, and stubble burning are expected to push AQI into the severe category on Monday., Out of 59 monitoring stations, 12 recorded severe pollution levels, with Jahangirpuri highest at 463., AQI levels above 400 fall into the severe category, which is expected to persist for the next few days.