യെദ്യൂരപ്പയ്ക്ക് 'ഉറക്കമില്ലാത്ത രാത്രികള്‍'; ഓപ്പറേഷന്‍ കമലയെപ്പറ്റി പുസ്തകം വരുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളോ? സംസ്ഥാനത്ത് ബി.ജെ.പിക്ക് അധികാരം ഉറപ്പിക്കാനുള്ള ഓപ്പറേഷന്‍ കമലയ്ക്ക് പിന്നിലെ ചരടുവലികള്‍ വെളിപ്പെടുത്തി പുസ്തകമിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ എം.എല്‍.എ. എച്ച്. വിശ്വനാഥ്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ രാജിവെച്ച മുന്‍ ജെ.ഡി.എസ്. എം.എല്‍.എമാരില്‍ ഒരാളാണ് വിശ്വനാഥ്.
ഓപ്പറേഷന്‍ കമലയ്ക്ക് വേണ്ടി അണിയറയില്‍ എന്തൊക്കെ ഡീലുകളാണ് ഉറപ്പിച്ചിരുന്നതെന്നും ആരൊക്കെയാണ് ചരടുവലിച്ചതെന്നുമുള്ള മുഴുവന്‍ കാര്യങ്ങളും വ്യക്തമാക്കുന്ന പുസ്തകത്തിന് ബോംബേ ഡേയ്‌സ് എന്നാകും പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ്. സര്‍ക്കാരിനെ അട്ടിമറിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എങ്ങനെ അധികാരത്തിലെത്തിയെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് വിശ്വനാഥ് പറയുന്നു. 'എന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും ആത്മവിശ്വാസമുണ്ടായതും അവര്‍ ബി.ജെ.പിക്കൊപ്പം എത്തിയതും. ഞങ്ങള്‍ മുംബൈക്ക് വിമാനം കയറി. ഞങ്ങളാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം അധികാരത്തിലെത്താന്‍ കാരണം ഞങ്ങളുടെ ത്യാഗമാണ്.' എല്ലാ കാര്യങ്ങളും എല്ലാവരോടുമായി വെളിപ്പെടുത്താന്‍ പോവുകയാണെന്നും വിശ്വനാഥ് പറയുന്നു.
കോണ്‍ഗ്രസ്, ജെ.ഡി.എസ്. പാര്‍ട്ടികളില്‍നിന്നായി 17 എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ നിലംപതിക്കുകയും യെദ്യൂരപ്പ അധികാരത്തിലെത്തുകയും ചെയ്തത്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.ടി.ബി നാഗരാജ്, വിശ്വനാഥ് എന്നിവരൊഴികെ ബാക്കിയുള്ളവരെല്ലാം വിജയിക്കുകയും ചെയ്തു. നാഗരാജിനെ പിന്നീട് ബി.ജെ.പി. നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. എന്നാല്‍ വിശ്വനാഥിന് സ്ഥാനമാനങ്ങളൊന്നും നല്‍കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.
കര്‍ണാടകയിലെ രാജിനാടകവും യെദ്യൂരപ്പയുടെ അധികാരവാഴ്ചയും വെളിപ്പെടുത്തുന്ന പുസ്തം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് വിശ്വനാഥ് വെളിപ്പെടുത്തിയിരിക്കുന്നത്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം പുസ്തകം പുറത്തിറക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശ്വനാഥ് പറയുന്നു.
അതേസമയം, പുസ്തകമെഴുതുമെന്ന വിശ്വനാഥിന്റെ ഭീഷണിയോട് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല. തനിക്ക് മാത്രം സ്ഥാനങ്ങളൊന്നും തരാത്തതിന്റെ അമര്‍ഷവും താന്‍ മാത്രം പുറത്ത് നില്‍ക്കേണ്ടി വരുന്നതിന്റെ ജാള്യതയും ഒക്കെക്കൂടി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് വിശ്വനാഥിന്റെ ഭീഷണിയെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന വിശ്വനാഥ് 2018-ലാണ് ജെ.ഡി.എസിലെത്തിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ബി.ജെ.പി. പാളയത്തിലെത്തുകയും ചെയ്തു.
Content Highlights: Defector MLA H Vishwanath Readies to Expose BSY with Behind-the-Scene Details of 2019 'Op Kamala'
Content Highlights: