പറന്നുയര്‍ന്ന് ഇന്ത്യന്‍ വ്യോമയാന മേഖല; ഏറ്റവും കൂടുതല്‍ പേര്‍ യാത്രചെയ്ത മാസമായി ഡിസംബര്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ. 2023-ൽ ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര നടത്തിയ മാസമെന്ന റെക്കോഡ്  ഡിസംബര്‍ സ്വന്തമാക്കി. 1.38 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്ര നടത്തിയത്. 

2022 ഡിസംബര്‍ മാസത്തേക്കാള്‍ 8.4 ശതമാനത്തിന്റെ കുതിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2019 ഡിസംബറിനെക്കാള്‍ 6.1 ശതമാനം യാത്രക്കാരാണ് ഇത്തവണ വര്‍ധിച്ചത്. 1.321 കോടി ആഭ്യന്തര വിമാനയാത്രികര്‍ ഉണ്ടായിരുന്ന 2023 മേയ് ആണ് ഇതിന് മുമ്പ് കൂടുതല്‍ പേര്‍ യാത്ര ചെയ്ത മാസം.

എന്നാല്‍, 2019 ഡിസംബര്‍ മാസത്തേക്കാള്‍ കുറവ് എണ്ണം വിമാന സര്‍വ്വീസുകളാണ് 2023-ല്‍ ഉണ്ടായിരുന്നത് എന്നതാണ് രസകരമായ വസ്തുത. ഇത്തവണ 91,044 ആഭ്യന്തര വിമാനസര്‍വ്വീസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019 ഡിസംബറില്‍ വിമാന സര്‍വ്വീസുകളുടെ എണ്ണം 94,910 ആയിരുന്നു. 2022 ഡിസംബറില്‍ 88,128 ആയിരുന്നു ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം. 

ഇന്ത്യന്‍ കമ്പനികളുടെ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2023. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം സ്‌പൈസ്‌ജെറ്റിന്റെ നിരവധി വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നില്ല. ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മേയ് മാസത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എൻജിനുകളുടെ തകരാറ് കാരണം ഇന്‍ഡിഗോയുടെ 40 വിമാനങ്ങളാണ് പറക്കാന്‍ കഴിയാതായത്.

2024-നെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ നോക്കിക്കാണുന്നത്. ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ വീഴ്ചയിലും ഡിസംബറിലെ യാത്രക്കാരുടെ എണ്ണത്തിലെ കുതിപ്പാണ് ഇതിനുകാരണം. അതേസമയം, കമ്പനികളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളും 2024-ല്‍ കാത്തിരിപ്പുണ്ട്. ഇന്‍ഡിഗോയുടെ 40 വിമാനങ്ങള്‍ കൂടി കട്ടപ്പുറത്താകാനുള്ള അവസ്ഥയിലാണുള്ളത്. 

കോവിഡാണ് മറ്റൊരു വില്ലന്‍. കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്നത് വ്യോമഗതാഗതത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കമ്പനികള്‍. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ വര്‍ധനവ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും തിരിച്ചടിയാകുമോ എന്ന ആശങ്കയും കമ്പനികള്‍ക്കുണ്ട്. 

Content Highlights: December marked the highest-ever air traffic in India.