ബംഗാൾ പോരിന് വീര്യക്കുറവ്; ആനന്ദബോസിനെ സ്ഥാനാർഥിയാക്കാൻ സാധ്യതയില്ല

തിരുവനന്തപുരം: മമതാ ബാനർജിക്കെതിരേ ബി.ജെ.പി. നടത്തുന്ന യുദ്ധത്തിന് ചൂട്ടുപിടിക്കാത്തതിലെ അതൃപ്തിയിൽ സി.വി. ആനന്ദബോസിന് നഷ്ടമായത് ഗവർണർസ്ഥാനം. പാർട്ടി ഇടഞ്ഞുനിൽക്കുമ്പോഴും മമതയുമായി ആനന്ദബോസ് ഒത്തുതീർപ്പിലെത്തിയെന്ന പരോക്ഷകുറ്റപ്പെടുത്തലാണ് ബി.ജെ.പി.ക്ക്.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുനൽകിയ ഗവർണർ സ്ഥാനം മലയാളിയായ ആനന്ദബോസിന് നഷ്ടപ്പെടാൻ പ്രധാനകാരണവും ഇതാണ്. കേന്ദ്രമന്ത്രി അമിത്ഷായ്ക്കുള്ള താത്പര്യക്കുറവും വിനയായി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ കരുത്തനായ ഗവർണർതന്നെ വേണമെന്ന് ബി.ജെ.പി. ഒടുവിൽ തീരുമാനിച്ചു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ആനന്ദബോസിനെ രാജിവെപ്പിച്ചെന്നായിരുന്നു തുടക്കത്തിലെ അഭ്യൂഹം.
എന്നാൽ, ഇക്കാര്യം ബി.ജെ.പി. വൃത്തങ്ങൾതന്നെ പിന്നീട് തിരുത്തി. ആനന്ദബോസിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. കേരളനേതൃത്വത്തിന് താത്പര്യമില്ല.
ദേശീയനേതൃത്വത്തിന്റെ ശുപാർശയിലൂടെയല്ലാതെ നൽകിയ ഗവർണർസ്ഥാനമായതിനാൽ പകരം നിയമനം നൽകാതെ ഒഴിവാക്കാനും പാർട്ടിക്ക് എളുപ്പമായി. കേന്ദ്രസർക്കാരിനുവേണ്ടി പിണറായിസർക്കാരുമായി പോരടിച്ച മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിൽനിന്ന് ഒഴിവാക്കിയിട്ടും പുനർനിയമനം നൽകിയില്ലെന്നതുമാത്രമാണ് ആനന്ദബോസിന് ആശ്വാസകരം.
Content Highlights: CV Ananda Bose lost his Governor position due to perceived leniency toward Mamata Banerjee., Lack of support from Amit Shah and the central BJP leadership accelerated the decision., BJP aims to install a stronger Governor ahead of the upcoming West Bengal assembly elections., Reports of him being a candidate for the Kerala assembly elections were officially denied by the BJP.